ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് സിനിമ വേലൈക്കാരന്റെ റിലീസിംഗ് തിയതി മാറ്റിവച്ചു. ശിവകാര്‍ത്തികേയനെ നായകനാക്കി 24എം സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 29ന് പുറത്തിറക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ചിത്രത്തിന്റെ റിലീസിംഗ് തിയതി മാറ്റിവച്ചതായി അറിയിച്ചുകൊണ്ട് 24എം സ്റ്റുഡിയോസ് പത്രക്കുറിച്ച് പുറത്തിറക്കി.

ചിത്രം പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തില്‍ ആണെന്നും രണ്ട് ഗാനങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. തനി ഒരുവന്റെ വമ്പന്‍ വിജയത്തിനു ശേഷം സംവിധായകന്‍ മോഹന്‍ രാജയ്ക്കും സംഘത്തിനും കൂടുതല്‍ മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ബോധ്യപ്പെട്ടെന്നും അതിനാല്‍ ചിത്രം ഭംഗിയായി പൂര്‍ത്തീകരിച്ചതിനു ശേഷം പുറത്തിറക്കുമെന്നും വ്യക്തമാക്കി. കൂടാതെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സെര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ ഏകദേശം ഒരു മാസം സമയമെടുക്കും.

ഇത്തരത്തിലുള്ള നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വേലൈക്കാരന്റെ റിലീസിംഗ് തിയതി മാറ്റിവച്ചിരിക്കുന്നത്. വൈകിയതില്‍ പ്രേക്ഷരോട് ക്ഷമാപണവും നടത്തിയിട്ടുണ്ട്. അടുത്ത ഉത്സവക്കാലത്തേക്ക് ചിത്രം പുറത്തിറക്കാനാണ് തീരുമാനമെന്നും അതിനാല്‍ ഡിസംബര്‍ 22നായിരിക്കും നിലവിലെ തീരുമാന പ്രകാരം ചിത്രത്തിന്റെ റിലീസിംഗ് എന്നും 24എം സ്റ്റുഡിയോസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, നയന്‍ താര എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ