നടൻ ഉണ്ണി മുകുന്ദൻ നേത്രദാനസമ്മതപത്രം ഒപ്പിട്ടു. ഉണ്ണി മുകുന്ദന്റെ നേത്യത്വത്തിൽ ടീം ”ചാണക്യതന്ത്രം” നടത്തിയ നേത്ര ദാന ക്യാമ്പിൽവച്ചാണ് ഉണ്ണി കണ്ണുകൾ ദാനം ചെയ്യുന്ന സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയത്. ഉണ്ണിയെ കൂടാതെ സംവിധായകൻ കണ്ണൻ താമരക്കുളം, പ്രൊഡ്യൂസർ മുഹമ്മദ് ഫൈസൽ തുടങ്ങി സിനിമയിലെ നൂറോളം അണിയറ പ്രവർത്തകരും കണ്ണുകൾ ദാനം ചെയ്യുന്ന സമ്മതപത്രത്തിൽ ഒപ്പിട്ടു. ചാണക്യതന്ത്രം സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം , സംവിധായകൻ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത്, നടൻ നിയാസ്, പ്രൊഡ്യൂസർ അരുൺ നാരായണൻ എന്നിവരെ കൂടാതെ സിനിമയുടെ അണിയറപ്രവർത്തകരും ഉണ്ണിമുകുന്ദൻ ഫാൻസ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

നേത്രദാനം നടത്തുന്നതിനെക്കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുണ്ടായിരുന്നുവെന്ന് ഉണ്ണി ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെ പറഞ്ഞു. എല്ലാവർക്കും ഉളളതുപോലെ നേത്രദാനത്തെക്കുറിച്ച് ചില സംശയങ്ങൾ എനിക്കുമുണ്ടായിരുന്നു. എല്ലാ സംശയങ്ങളും ദൂരീകരിച്ചതിനുശേഷമാണ് നേത്രദാനം നടത്തിയത്. ഏറ്റവും നന്മയുളള കാര്യമുളള ഒന്നാണ് നേത്രദാനം. മരിച്ചതിനുശേഷം നമുക്ക് അതിന്റെ ആവശ്യമില്ല. നമ്മുടെ മരണശേഷം ഈ സുന്ദരമായ ലോകം മറ്റൊരാൾക്ക് കാണാൻ കഴിയുന്നത് വലിയൊരു കാര്യമാണെന്നും ഉണ്ണി പറഞ്ഞു.

ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം കണ്ണന്‍താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ചാണക്യതന്ത്രം. തന്ത്രശാലിയായ പോരാളിയായാണ് ആക്ഷന്‍ത്രില്ലറായ ചിത്രത്തിൽ ഉണ്ണിമുകുന്ദൻ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ