ചെന്നൈ: മലയാളി മങ്കമാര്‍ക്കോ തമിഴ് പെണ്‍കൊടികള്‍ക്കോ കൂടുതല്‍ സൗന്ദര്യം എന്ന വിഷയത്തിലെ ടിവി ഷോ, പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിജയ് ടിവി ഒരുക്കിയ ‘നീയാ നാനാ’ എന്ന സംവാദ പരിപാടിയാണ് ഒഴിവാക്കിയത്.

സെറ്റ്​ സാരി അണിഞ്ഞ മലയാളി സ്​ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ്​ വേഷം ധരിച്ച തമിഴ്​ സ്​ത്രീകളെയും സംവാദത്തിൽ പ​ങ്കെടുപ്പിച്ചിരുന്നു. ചിത്രീകരണം പൂർത്തിയാക്കിയ പരിപാടി സംപ്രേഷണം ചെയ്യുന്നതിനു മുൻപായി വൻ പരസ്യമാണ്​ നൽകിയിരുന്നത്​.

സമൂഹമാധ്യമങ്ങളിലടക്കം പരിപാടിയെക്കുറിച്ച്​ പരസ്യം വന്നതോടെ സ്​ത്രീപക്ഷ സംഘടനകൾ പ്രതിഷേധമുയർത്തി. സ്​ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യ​പ്പെട്ട്​ കാഞ്ചീപുരത്തെ മക്കൾ മൺട്രം എന്ന സംഘടന പൊലീസിൽ പരാതി നൽകിയിരുന്നു.

പല കോണില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതിനാലാണ് സംപ്രേഷണം ഉപേക്ഷിച്ചതെന്ന് സംവിധായകന്‍ അന്തോണി വ്യക്തമാക്കി. മലയാളി സ്​ത്രീകളും തമിഴ്​ സ്​ത്രീകളും തങ്ങളുടെ വസ്​ത്രധാരണം, ആഭരണം എന്നിവയുടെ ഭംഗിയും നേതൃപാടവവും വിശദീകരിച്ച്​ സൗഹാർദാന്തരീക്ഷത്തിൽ​ പരസ്​പരം വാദപ്രതിവാദങ്ങൾ ഉയർത്തുന്ന പരിപാടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി സംവിധായകൻ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ