തിയേറ്ററിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ തീർക്കാൻ സൽമാൻ ഖാനെത്തുന്നു. സൽമാൻ ഖാൻ നായകനായെത്തുന്ന ട്യൂബ്‌ലൈറ്റിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. തന്റെ ട്വിറ്റർ പേജിലൂടെ സൽമാൻ ഖാൻ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. തൊപ്പി വെച്ച് ഒരു മലയിലേക്ക് നോക്കി പുറം തിരിഞ്ഞ് നിൽക്കുന്ന സൽമാൻ ഖാനാണ് പോസ്റ്ററിലുളളത്. ഒരുപാട് ആകാംഷയും പ്രതീക്ഷകളും നൽകുന്നതാണ് പുതിയ സൽമാൻ ചിത്രത്തിന്റെ പോസ്റ്റർ. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്.

തീരുന്നില്ല ട്യൂബ്‌ലൈറ്റിന്റെ വിശേഷങ്ങൾ. ബോളിവുഡിന്റെ കിംങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ടെന്നത് പ്രേക്ഷരുടെ പ്രതീക്ഷ ഉയർത്തുന്നതാണ്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്. തന്റെ ട്വിറ്റർ പേജിലൂടെ സംവിധായകൻ കബീർ ഖാൻ തന്നെയാണ് ഷാരൂഖ് ട്യൂബ്‌ലൈറ്റിലെത്തുന്ന കാര്യം പങ്ക്‌വച്ചത്.

ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ചിത്രം. ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയരുകയാ​ണ്. യുദ്ധ പശ്ചാത്തലത്തലൊരുങ്ങുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജൂൺ 23ന് ബോക്‌സ് ഓഫീസിൽ പുതു ചരിത്രമെഴുതാൻ ഈ സൽമാൻ ചിത്രമെത്തുന്നത്.

നേരത്തെ ട്യൂബ് ലൈറ്റിന്റെ ചിത്രീകരണ സമയത്ത് സൽമാൻ സു സുവിന് ഒരു സമ്മാനം നൽകിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു വിനായക പ്രതിമയാണ് സു സുവിന് സൽമാൻ സമ്മാനിച്ചത്. സു സു അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ട്യൂബ് ലൈറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ