തൃഷ നായികയാവുന്ന പുതിയ ചിത്രമാണ് ‘മോഹിനി’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ഇതിനോടകം 1 മില്യൻ പേരാണ് ട്രെയിലർ കണ്ടത്. തൃഷയുടെ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉണ്ടായിരുന്നു.

ലണ്ടൻ, മെക്സിക്കോ, തായ്‌ലൻഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ലണ്ടൻ സ്ട്രീറ്റുകളിൽ ഷൂട്ട് ചെയ്ത തൃഷയുടെ കാർ ചെയ്സിങ് രംഗങ്ങളായിരുന്നു പുറത്തുവന്ന ട്രെയിലറിലെ ഹൈലൈറ്റ്. രണ്ടു ദിവസമെടുത്താണ് ഈ രംഗം ചിത്രീകരിച്ചത്. ഈ രംഗം ചിത്രീകരിക്കുന്നതിനായി തൃഷയുടെ ലൈസൻസ് ലണ്ടനിലെ ലൈസൻസ് അതോറിറ്റി അംഗീകരിക്കണമായിരുന്നു. അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷമായിരുന്നു ഷൂട്ടിങ്.

ലണ്ടൻ പൊലീസും ഷൂട്ടിങ് സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഡ്യൂപ്പില്ലാതെ തൃഷ ചെയ്ത കാർ ചെയ്സിങ് കണ്ടിട്ട് ലണ്ടൻ പൊലീസ് പോലും അതിശയിച്ചുപോയെന്നാണ് മോഹിനിയുടെ സംവിധായകൻ ആർ. മധേഷ് പറഞ്ഞിരിക്കുന്നത്.

ഗർജനി, സതുരംഗ വേട്ടൈ 2 എന്നിവയാണ് തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. വിജയ് സേതുപതിയുടെ 96, ബില്ലിങ്കുൽ 1818, എൻഎച്ച് 10 എന്നീ ചിത്രങ്ങളിലും തൃഷ അഭിനയിക്കുന്നുണ്ട്. തൃഷയുടെ മലയാളത്തിലെ ആദ്യ ചിത്രമായ ഹേയ് ജൂഡും ഉടൻ പുറത്തിറങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ