കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്. രൂപമാറ്റത്തിന്റെ കാര്യത്തിലും അനായാസമായി ഏതുകാലഘട്ടത്തെയും കാണിക്കാന്‍ ദുല്‍ഖറിന് സാധിക്കും. അത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ജെമിനി ഗണേശന്റെ വേഷം ദുല്‍ഖറിനെ തേടിയെത്തിയത്. ദുല്‍ഖറിന്റെ ‘മഹാനടി’യിലെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ജെമിനി ഗണേശന്റെ വേഷത്തില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. അതേസമയം, താന്‍ പൂര്‍ണ്ണമായും ജെമിനി ഗണേശനായി വേഷപ്പകര്‍ച്ച നടത്തുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട് .

Dulquer Salmaan

‘സിനിമയില്‍ ഞാന്‍ കാണാന്‍ അദ്ദേഹത്തെ പോലെയല്ല. സത്യസന്ധമായി പറഞ്ഞാല്‍ അങ്ങനെയാകാന്‍ എനിക്കു സാധിക്കുകയുമില്ല. അതിനായി കൃത്രിമമായി മേയ്ക്കപ്പിടാന്‍ താല്‍പര്യമില്ല. എന്റെ സമീപനം കുറച്ചുകൂടി ലളിതമാണ്. ഞാന്‍ 1950കളിലെ അന്നത്തെ സൂപ്പര്‍സ്റ്റാറായാല്‍ എങ്ങനെയാകും എന്നു സങ്കല്‍പ്പിക്കുക. അതിലൂടെ എനിക്ക് ആ കഥാപാത്രമായി മാറാന്‍ സാധിക്കും. ജെമിനി ഗണേശനാകാന്‍ ശ്രമം നടത്തേണ്ടതുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. വെള്ളിത്തിരക്കു പുറത്ത് അദ്ദേഹം എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ പാകത്തിനുള്ള ദൃശ്യങ്ങളൊന്നുമില്ല. ജീവിതത്തില്‍ എങ്ങനെയുള്ള മനുഷ്യനായിരുന്നു അദ്ദേഹമെന്ന് നമുക്കറിയില്ല.’ ദുല്‍ഖര്‍ പറയുന്നു.

അതേസമയം, മഹാനടിയിലെ ദുല്‍ഖറിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ നടി സാവിത്രിയുടെ വേഷം കൈകാര്യം ചെയ്യുന്നത് കീര്‍ത്തി സുരേഷാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസാണ്. തെലുങ്ക്, തമിഴ് ഭാഷകളിലായി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റം നടത്തുന്നുണ്ട്. സാമന്ത, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡേ, പ്രകാശ് രാജ് എന്നിവരും മഹാനടിയില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ