തെലുങ്ക് സിനിമാ രംഗത്തേക്ക് തന്നെ കൈപിടിച്ചുയർത്തിയ സംവിധായകനെ കളിയാക്കിയ നടി തപ്‌സി പന്നു വിവാദത്തിൽ. 2010 ൽ പുറത്തിറങ്ങിയ ‘ജുമ്മണ്ടി നാദം’ എന്ന ചിത്രത്തിലൂടെയാണ് തപ്‌സി ടോളിവുഡിലെത്തുന്നത്. പ്രശസ്ത സംവിധായകൻ കെ.രാഘവേന്ദ്ര റാവുവിന്റെ ചിത്രമായിരുന്നു അത്. ചിത്രത്തിലെ ഒരു ഗാനരംഗം സംവിധായകൻ രാഘവേന്ദ്ര ചിത്രീകരിച്ചതിനെക്കുറിച്ച് തപ്‌സി പറഞ്ഞ വാക്കുകൾ ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. ഈസ്റ്റ് ഇന്ത്യ കോമഡിയുടെ പരിപാടിക്കിടെയാണ് തപ്‌സി സംവിധായകനെ കളിയാക്കി സംസാരിച്ചത്.

സൗത്ത് ഇന്ത്യയിലെ പ്രേക്ഷകർ എങ്ങനെയാണ് തപ്‌സിയെ വിലയിരുത്തുന്നതെന്നു പരിപാടിയിൽ ചോദിച്ചു. ”എനിക്ക് ഗ്ലാമർ വേഷങ്ങൾ മാത്രമേ ചെയ്യാൻ അറിയൂവെന്നാണ് സൗത്ത് ഇന്ത്യൻ പ്രേക്ഷകർ കരുതുന്നത്. പിങ്ക്, നാം ശബ്ന തുടങ്ങിയ ചിത്രങ്ങൾ കണ്ടപ്പോഴാണ് എനിക്ക് അഭിനയിക്കാനും അറിയാം എന്നു അവർ പറഞ്ഞു തുടങ്ങിയത്”.

സൗത്ത് ഇന്ത്യൻ സംവിധായകർ എന്തുകൊണ്ടാണ് നായികമാരുടെ പൊക്കിൾ പല പാട്ടുകളിലും കാണിക്കുന്നതെന്നും തപ്‌സിയോട് ചോദിച്ചു. ”സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന ആദ്യ കാലത്ത് എന്റെ പൊക്കിൾ പാട്ടുകളിൽ കാണിച്ചിട്ടുണ്ട്. തെലുങ്കിലെ എന്റെ ആദ്യ ചിത്രമായ ജുമ്മണ്ടി നാദത്തിൽ ഷൂട്ട് ചെയ്തത് ഒരു ഗാനരംഗമായിരുന്നു. അതിൽ തേങ്ങ എന്റെ വയറിലേക്ക് എറിയുന്ന രംഗമുണ്ട്. ശ്രീദേവി, ജയസുധ പോലുളള നടിമാരെ തെലുങ്കിൽ അരങ്ങേറ്റം കുറിപ്പിച്ച സംവിധായകന്റെ ചിത്രമായിരുന്നു അത്. അദ്ദേഹത്തിന്റെ 105-ാമത് ചിത്രവും. ശ്രീദേവി ഉൾപ്പെടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിച്ച നടിമാരുടെ പാട്ടുകൾ ഞാൻ കണ്ടിരുന്നു. എന്നാൽ അതിലെല്ലാം പൂക്കളോ പഴങ്ങളോ ആയിരിക്കും പൊക്കിളിൽ എറിയുക. എന്നാൽ എന്റെ നേരെ തേങ്ങയാണ് എറിഞ്ഞത്. എന്റെ പൊക്കിളിൽ ഒരു തേങ്ങ വന്നിടിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകരിൽ എന്ത് വികാരമാണ് ഉണരുക എന്നറിയില്ല”-തപ്സി പറഞ്ഞു.

തപ്‌സിയുടെ വാക്കുകൾക്കെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഘവേന്ദ്ര പോലൊരു മുതിർന്ന സംവിധായകനെ കളിയാക്കിയത് ശരിയായില്ലെന്നാണ് പലരും വിമർശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ