“പ്രണയമെന്നാല്‍ എന്താണ്, എങ്ങനെയാണ് പ്രണയിക്കേണ്ടത് എന്നെല്ലാം പഠിച്ചത് ആ ഒരു സീനില്‍ നിന്നായിരുന്നു. മണിരത്നം സാറിന്‍റെ ‘മൗനരാഗ’ത്തില്‍ കാര്‍ത്തികും രേവതിയും അഭിനയിച്ച ആ വിഖ്യാതമായ ‘മിസ്റ്റര്‍ ചന്ദ്രമൗലി’ സീനില്‍ നിന്നായിരുന്നു. എന്‍റെ മാത്രം കാര്യമല്ല ഇത്, 70 കളില്‍ ജനിച്ച എല്ലാവരും പ്രണയം എന്താണ് എന്ന് പഠിച്ചത് അവിടെ നിന്നായിരിക്കും”, ഇന്ന് ചെന്നൈയില്‍ നടന്ന ഒരു ഓഡിയോ റിലീസ് ചടങ്ങില്‍ പ്രസംഗിക്കവേ നടന്‍ സൂര്യ പറഞ്ഞ വാക്കുകളാണിവ.

കാര്‍ത്തിക്, മകന്‍ ഗൌതം കാര്‍ത്തിക്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന ‘മിസ്റ്റര്‍ ചന്ദ്രമൗലി’ എന്ന ആക്ഷന്‍ കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് തിരു ആണ്. ചിത്രത്തിന്‍റെ ഇന്ന് നടന്ന ഓഡിയോ റിലീസ് ശിവകുമാര്‍ കുടുംബത്തില്‍ നിന്നും മറ്റൊരു അംഗം സിനിമയിലേക്ക് എത്തുന്നതിനും സാക്ഷ്യം വഹിച്ചു.

ശിവകുമാറിന്‍റെ മകളും സൂര്യ, കാര്‍ത്തി എന്നിവരുടെ സഹോദരിയുമായ ബ്രിന്ദ ഗായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘മിസ്റ്റര്‍ ചന്ദ്രമൗലി’. സഹോദരിയുടെ ആദ്യ ഗാനപ്രകാശനചടങ്ങില്‍ എത്തിയപ്പോഴാണ് സൂര്യ, മണിരത്നം ചിത്രത്തിലെ കാര്‍ത്തികിന്‍റെ പ്രശസ്തമായ പ്രണയ സീനിനെക്കുറിച്ച് വാചാലനായത്.

മണിരത്നം തന്നെ നിര്‍മ്മിച്ച ‘നേര്‍ക്ക്‌ നേര്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സൂര്യ, പ്രിയദര്‍ശന്‍റെ ‘ഡോളി സജാക്കെ രഖനാ’ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ജ്യോതികയെ ആദ്യം കാണുന്നത് ‘പൂവെല്ലാം കേട്ടുപ്പാര്‍’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണവേളയിലാണ്. തമിഴ് ഭാഷ വലിയ വശമില്ലാതിരുന്ന ജ്യോതികയെ കണ്ട മാത്രയില്‍ തന്നെ തനിക്കു ഇഷ്ടപ്പെട്ടു എന്നും എന്നാല്‍ അത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നും സൂര്യ പിന്നീടു അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

‘പൂവെല്ലാം കേട്ടുപ്പാര്‍’ എന്ന ചിത്രത്തില്‍ സൂര്യ, ജ്യോതിക

‘കാക്ക കാക്ക’ എന്ന ഗൌതം മേനോന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയിലാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത്. 2006ല്‍ വിവാഹിതരായ ഇവര്‍ക്ക് ദിയ, ദേവ് എന്നീ രണ്ടു മക്കളുണ്ട്. വിവാഹാനന്തരം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്ന ജ്യോതിക മഞ്ജു വാര്യര്‍ ചിത്രമായ ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’വിന്‍റെ തമിഴ് പതിപ്പായ ’36 വയതിനിലേ’യിലൂടെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തി.

ചിത്രങ്ങള്‍: ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ