ന്യൂഡല്‍ഹി: ദീപികാ പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മാവതി’യുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചിത്രത്തിന് ഇതുവരെ സെന്‍സര്‍ബോര്‍ഡ് അനുമതി പോലും കിട്ടിയില്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സിനിമയുമായി നിലനില്‍ക്കുന്ന എല്ലാവിധ വിവാദങ്ങളും പരിശോധിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നതിനു ശേഷമായിരിക്കും ‘പത്മാവതി’യുടെ വിധിയറിയുക.

അതേസമയം ചിത്രത്തിന്റെ സംവിധായകനെതിരെ ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സിനിമാ സെന്‍സര്‍ബോര്‍ഡ് അംഗം അര്‍ജുന്‍ ഗുപ്ത കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചു. ബിജെപി എംഎല്‍എ രാജ് പുരോഹിതും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി സ്മൃതി ഇറാനിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു.

‘പത്മാവതി’ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തേ പറഞ്ഞിരുന്നു. ഹിന്ദുക്കളെ മോശമായി ചിത്രീകരിച്ചാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. ചിത്രം പുറത്തിറക്കണമെങ്കില്‍ രജപുത്ര വിഭാഗക്കാരുടെ അംഗീകാരം തേടണമെന്നും രാജാസിംഗ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഹിന്ദു സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നവരെ പാഠം പഠിപ്പിക്കും. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന സഞ്ജയ് ലീല ബന്‍സാലി വെറും നായയാണെന്നും രാജാസിംഗ് പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യന്‍ രാജാക്കന്‍മാര്‍ സ്വന്തം കാര്യത്തില്ല, രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പേരാടിയിട്ടുള്ളത്. പത്മാവതിയുടെ റിലീസ് തടയുന്നതിന് രജപുത്രര്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളെ സംഘടിപ്പിക്കണമെന്നും രാജാസിംഗ് പറഞ്ഞിരുന്നു.

ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതുമെന്ന വിശേഷണത്തോടെയാണ് പത്മാവതി റിലീസിന് തയ്യാറെടുക്കുന്നത്. ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തിരുത്തുമെന്നും, കാത്തിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്മയമാണെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടുകഴിഞ്ഞു. സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന പത്മാവതി 160കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ