ബാഹുബലി ചിത്രം പുറത്തിറങ്ങി വൻ വിജയം നേടിയതിനുശേഷവും ചിത്രത്തിലെ ശിവഗാമിയെന്ന കഥാപാത്രത്തെച്ചൊല്ലിയുളള വിവാദം തീരുന്നില്ല. ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നെന്നും എന്നാൽ നടി നിരസിച്ചതിനെ തുടർന്നാണ് രമ്യ കൃഷ്ണനെ പരിഗണിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിനുപിന്നാലെ ഈ കഥാപാത്രം ശ്രീദേവി നിരസിക്കാനുണ്ടായ കാരണത്തെക്കുറിച്ചുളള പല ഊഹാപോഹങ്ങളും പുറത്തുവന്നു. തെലുങ്ക് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇതിനൊക്കെയുളള മറുപടി നൽകിയിരിക്കുകയാണ് ശ്രീദേവി.

”ബാഹുബലിയിലെ കഥാപാത്രം ഞാൻ നിരസിച്ചതിനെക്കുറിച്ച് പല വാർത്തകളും പുറത്തുവന്നു. ഞാൻ ചിത്രത്തിലെ കഥാപാത്രത്തിനായി 10 കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഹോട്ടലിലെ ഒരു നില മുഴുവൻ താമസിക്കാനായി ചോദിച്ചുവെന്നും 10 വിമാന ടിക്കറ്റുകൾ ആവശ്യപ്പട്ടുവെന്നും തുടങ്ങി എന്തൊക്കെയോ ഗോസിപ്പുകൾ വന്നു. കഴിഞ്ഞ 50 വർഷമായി ഞാൻ സിനിമാ മേഖലയിലുണ്ട്. 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഒരു കഥാപാത്രം ചെയ്യാനായി ഞാൻ ഇത്രയധികം ആവശ്യം മുന്നോട്ടുവയ്ക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”

”നിങ്ങൾ ഒരിക്കലും ചിന്തിക്കുകയോ പറയുകയോ ചെയ്യാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സ് വേദനിക്കും. ഞാനിതൊക്കെ ആവശ്യപ്പെട്ടെന്ന് ചിത്രത്തിന്റെ നിർമാതാവ് രാജമൗലിയെ തെറ്റിദ്ധരിപ്പിച്ചതോ അതല്ല മറ്റു ചില തെറ്റിദ്ധാരണകളോ ആവാം ഇതിനു കാരണമെന്നാണ് എനിക്ക് തോന്നുന്നത്. ഇതുപോലൊരു പൊതുജന മധ്യത്തിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നില്ല”.

”എനിക്കെതിരെ പല ഗോസിപ്പുകളും വന്നെങ്കിലും അതൊന്നും ഞാൻ കാര്യമാക്കി എടുത്തില്ല. എന്നാൽ രാജമൗലി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടുകയും വേദനിക്കുകയും ചെയ്തു. വളരെ ശാന്തനും മാന്യനും ആയ വ്യക്തിയാണ് രാജമൗലിയെന്ന് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈഗ എന്ന സിനിമ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുന്നതിൽ ഞാൻ സന്തുഷ്ടയായിരുന്നു. അദ്ദേഹം മികച്ചൊരു ടെക്നീഷ്യനാണ്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചതു കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി”.

”ചിത്രത്തിനായി ഞാൻ വൻ പ്രതിഫലം ചോദിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. എന്റെ ഭർത്താവ് നിർമാതാവാണ്. നിർമാതാവിന്റെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അദ്ദേഹം പോലും ഒരിക്കലും ഇത്തരം ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കില്ല’- ശ്രീദേവി പറഞ്ഞു.

ശിഗാമി എന്ന കഥാപാത്രം ശ്രീദേവി നിരസിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണെന്നായിരുന്നു വിവാദത്തെക്കുറിച്ച് രാജമൗലി നേരത്തെ പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ