സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി തിരശ്ശീലയ്ക്ക് പിന്നിലേക്ക് നടന്ന് അകലുന്ന താരങ്ങളെ ഓസ്കര്‍ വേദിയില്‍ ആദരിക്കാറുണ്ട്. ഇത്തവണ ഓസ്കര്‍ വേദിയില്‍ പ്രശസ്ത നടി ശ്രീദേവിയേയും ആദരിച്ചു. 54കാരിയായിരുന്ന ശ്രീദേവി കഴിഞ്ഞയാഴ്ചയാണ് ദുബായില്‍ വച്ച് മുങ്ങിമരിച്ചത്. 300ല്‍ അധികം സിനിമകളില്‍ അഭിനയിച്ച നടിയെ ആദരവോടെ ഇന്ത്യന്‍ ചലച്ചിത്രലോകം യാത്രയാക്കിയതിന് പിന്നാലെയാണ് ഹോളിവുഡും നടിയെ ആദരിക്കുന്നത്.

ശ്രീദേവിയെ കൂടാതെ നടനും നിര്‍മ്മാതാവുമായ ശശി കപൂറിനേയും ആദരിച്ചു. അന്തരിച്ച ജെയിംസ് ബോണ്ട് താരം റോജര്‍ മൂറേയേയും ഓസ്കര്‍ വേദിയില്‍ ആദരിച്ചു. 89 വയസ്സായിരുന്ന അദ്ദേഹം മെയ് മാസം ആയിരുന്നു അന്തരിച്ചത്. എക്കാലത്തേയും മികച്ച ഹോളിവുഡ് ത്രില്ലറായ സൈലന്‍സ് ഓഫ് ലാമ്പ് അടക്കമുളള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജൊനാഥന്‍ ഡെമ്മേയും ഓസ്കര്‍ വേദിയില്‍ ഓര്‍മ്മിക്കപ്പെട്ടു.

1968 മുതല്‍ ഹോളിവുഡില്‍ സോംബി ചിത്രങ്ങളുടെ പരീക്ഷണങ്ങളിലൂടെ പ്രശസ്തനായ ജോര്‍ജ്ജ് റൊമേറയേയും ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരവേദിയില്‍ ആദരിച്ചു. അമേരിക്കന്‍ സിനിമയില്‍ സോംബി ചിത്രങ്ങള്‍ക്ക് പ്രചോദനമാവുന്ന മറ്റൊരു സംവിധായകന്‍ ഉണ്ടാവില്ല. കൂടാതെ സഹനടനായി അറിയപ്പെട്ട ഹാരി ഡീ സ്റ്റാന്‍റ്റനേയും വേദിയില്‍ ഓര്‍മ്മിച്ചു. ജെറി ലൂയിസ്, ജെന്നി മോറു, മാര്‍ട്ടിന്‍ ലാന്രു എന്നിവരും ഓസ്കര്‍ വേദിയില്‍ മരണശേഷം ആദരിക്കപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ