ന്യൂഡല്‍ഹി: 2017ലെ ഗോള്‍ഡന്‍ ട്വീറ്റ് ഇന്‍ ഇന്ത്യ പുരസ്കാരം തമിഴ് താരം സൂര്യയ്ക്ക്. ബോളിവുഡ് ഖാന്‍മാരെ പിന്തളളിയാണ് സൂര്യ ഒന്നാമതെത്തിയത്. ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത് സൂര്യയുടെ പുതിയ ചിത്രമായ ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററാണ്.

ഡിസംബര്‍ 6 വരെയുളള കണക്ക് പ്രകാരം 71,000ത്തില്‍ കൂടുതല്‍ തവണ പോസ്റ്റര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. തമിഴ് താരമായ ജ്യോതികയെ വിവാഹം ചെയ്ത സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയും തമിഴ് സിനിമാ അഭിനേതാവാണ്.

സല്‍മാന്‍ ഖാന്റെ ട്യൂബ്‍ലൈറ്റ്, ഷാരൂഖിന്റെ റയീസ്, ജബ് ഹാരി മെറ്റ് സോജല്‍ എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളൊന്നും തന്നെ സൂര്യയുടെ പോസ്റ്ററിന് മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തിയില്ല. ഷാരൂഖിന്റെ ഇരു ചിത്രങ്ങളും സല്‍മാന്റെ ട്യൂബ്‍ലൈറ്റും തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയവും കൈവരിച്ചില്ല.

ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ടൈഗര്‍ സിന്താ ഹെ ആണ് സല്‍മാന്‍ അടുത്തതായി വിജയം പ്രതീക്ഷിക്കുന്ന ചിത്രം. ഈ വര്‍ഷം യഥാര്‍ത്ഥത്തില്‍ ബോളിവുഡ് ചിത്രങ്ങലെ പിന്തളളി പ്രാദേശിക ഭാഷകളിലെ ചിത്രങ്ങളാണ് ബോക്സ്ഓഫീസുകള്‍ ഇളക്കി മറിച്ചത്. രാജമൗലിയുടെ ബാഹുബലിയാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. കൂടാതെ ഇളയ ദളപതി വിജയ്‍യുടെ ചിത്രം മെര്‍സലും ദേശീയ മികവ് പുലര്‍ത്തി ബോക്സ്ഓഫീസില്‍ പണം വാരി.

ഈ രണ്ട് ചിത്രങ്ങളുടെ പേരിലുളള ഹാഷ്ടാഗുകളും ട്വിറ്റര്‍ ഭരിച്ചു. പ്രഭാസിനെ നായകനാക്കി രാജമൗലി ഒരുക്കിയ ബാഹുബലി 2 ലോകമൊട്ടാകെ 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 250 കോടി രൂപയായിരുന്നു മെര്‍സല്‍ വാരിയത്.

2016 ലെ ഗോള്‍ഡന്‍ ട്വീറ്റിന്റെ ഉടമയെന്ന ഖ്യാതി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു. കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയെ ട്രോളിയവര്‍ക്കുള്ള കോഹ്‌ലിയുടെ മറുപടി ട്വീറ്റായിരുന്നു അന്ന് തരംഗമായത്.

‘തുടര്‍ച്ചയായി അനുഷ്‌കയെ പരിഹസിക്കുന്നവരോട് എനിക്ക് പുച്ഛം തോന്നുന്നു. കുറച്ച് അനുകമ്പ കാണിക്കു. എല്ലായ്‌പ്പോഴും എനിക്ക് പ്രചോദനം നല്‍കിയിരുന്ന ആളാണ് അനുഷ്‌ക’. ട്വന്റി 20 ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചതാണ് ഇത്.

2016 മാര്‍ച്ച് 28-ാം തിയതി കോഹ്‌ലി പോസ്റ്റ് ചെയ്ത ഈ ട്വീറ്റ് വൈറലായിരുന്നു. 39,000 പേരാണ് അന്ന് കോഹ്‌ലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ