പറവ എന്ന ഒരൊറ്റ ചിത്രത്തിലൂടെ സംവിധാനത്തില്‍ തന്റെ മികവ് തെളിയിച്ചയാളാണ് സൗബിന്‍ ഷാഹിര്‍. തൊട്ട കഥാപാത്രങ്ങളെയൊക്കെ പൊന്നാക്കി മാറ്റിയ അദ്ദേഹം തനിക്ക് സംവിധാനവും വഴങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ വിവാഹത്തിനുളള തയ്യാറെടുപ്പിലാണ് താരമെന്നാണ് വിവരം. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീർ ആണ് വധു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതായി സൗബിന്‍ നേരത്തേ അറിയിച്ചിരുന്നു.

വിവാഹം അടുത്തിരിക്കെ തന്റെ ബെന്‍സ് മെഴ്സീഡസ് ഇ 250യുടെ നിറം അടിമുടി മാറ്റിയിരിക്കുകയാണ് താരം. സില്‍വര്‍ നിറത്തിലുളള കാറാണ് റാപ്പിംഗിലൂടെ പേള്‍ ബ്ലാക്ക് ആക്കി മാറ്റിയിരിക്കുന്നത്. കൊച്ചിയിലെ റാപ്പ് സ്റ്റൈലില്‍ നിന്നാണ് സൗബിന്‍ ഇഷ്ടപ്പെട്ട നിറത്തിലേക്ക് തന്റെ കാറിനെ മാറ്റിയിരിക്കുന്നത്.

വിവാഹദിനത്തിലേക്കുളള സൗബിന്റെ ഒരുക്കമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. അടുത്തിടെ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പെണ്ണുകെട്ടാൻ മറന്നുപോയോ ചോദ്യത്തിന് തിരക്കുകളോ, പ്രണയ നൈരാശ്യമോ ഒന്നുമല്ല അതിനു കാരണമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എല്ലാവരെയും പോലെ പ്രണയങ്ങളൊക്കെ തനിക്കും ഉണ്ടായിട്ടുണ്ട്, ഒന്നും വിവാഹത്തിലെത്തിയിട്ടില്ല, ഇപ്പോള്‍ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കാത്തത് തന്റെ കുട്ടിക്കളി മാറിയിട്ടില്ലാത്തത് കൊണ്ടാണെന്നായിരുന്നു സൗബിൻ നൽകിയ മറുപടി.

സംവിധാന സഹായി ആയാണ് സൗബിൻ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് പ്രേമത്തിലെ പി.ടി മാഷിലൂടെ നടനായി. സൗബിന്റെ ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സൗബിൻ ആദ്യമായി സംവിധാനം ചെയ്ത പറവ ഈ വർഷമാണ് പുറത്തിറങ്ങിയത്. ചിത്രം വൻഹിറ്റായിരുന്നു.

Soubin Shahir

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ