വര്‍ഷം 1991. ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹ ചാനലായ ഏഷ്യാനെറ്റിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം ആസ്ഥാനമാക്കി നടന്നു വരുമ്പോഴാണ് ചാനലിനു ഒരു ‘സിഗ്നേച്ചര്‍’ ഗാനം വേണം എന്ന ആശയം ഉണ്ടാകുന്നത്. അതിനു വരികള്‍ എഴുതാന്‍ നിയുക്തനായത് ചാനലിന്‍റെ നേതൃത്വത്തില്‍ അന്നുണ്ടായിരുന്ന പി ഭാസ്കരന്‍. മലയാളിയുടെ സ്വത്വബോധത്തെ എക്കാലവും ഊട്ടിയുറപ്പിച്ച ആ തൂലികയില്‍ നിന്നുതിര്‍ന്ന വരികള്‍ ഇങ്ങനെയായിരുന്നു.

‘ശ്യാമസുന്ദര കേരകേദാര ഭൂമി,
ജനജീവിത ഫലധാന്യസമ്പന്ന ഭൂമി’

ഈ വരികള്‍ക്ക് ഈണമിട്ടത് ചെന്നൈ നിവാസിയായ ദിലീപ് എന്ന ഒരു ചെറുപ്പക്കാരന്‍. സംഗീത സംവിധായകനായിരുന്ന അച്ഛന്‍ ആര്‍ കെ ശേഖറിന്റെ മരണത്തിനു ശേഷം കുടുംബം പോറ്റാനായി പരസ്യ ജിംഗിളുകളും ഓര്‍ക്കെസ്ട്രേഷനും മറ്റും ചെയ്തിരുന്ന ആ യുവാവ്‌ അന്നിട്ട ആ ഈണം കാലമേറെക്കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഓസ്കാര്‍ വരെയെത്തി ദിലീപ് എന്ന എ ആര്‍ റഹ്മാന്‍ സംഗീതത്തിന്‍റെ ഉന്നതങ്ങള്‍ കൈയ്യടക്കുമ്പോള്‍ മലയാളിക്ക് സൂക്ഷിക്കാന്‍ മഞ്ചാടിക്കുരുവലിപ്പത്തിലാണെങ്കില്‍ കൂടി ഇങ്ങനെയൊരു നിധിയുണ്ട്.

ഈ ഗാനം ആലപിച്ചത് കല്യാണി മേനോന്‍, സുജാത എന്നിവര്‍ ചേര്‍ന്നാണ്.

കൂടുതല്‍ വായിക്കാം: എ ആര്‍ റഹ്മാന്‍റെ മാന്ത്രിക സംഗീതത്തിനു ശബ്ദമായ മലയാളികള്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ