ഏതാനും ദിവസങ്ങൾക്കുമുൻപ് നടൻ ഷാജു ശ്രീധർ ഫെയ്സ്ബുക്കിലൂടെ ഒരു അഭ്യർഥന നടത്തി. തലചായ്ക്കാൻ ഒരിടമില്ലാതെയും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെയും കഷ്ടപ്പെടുന്ന ഗോപിക എന്ന പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കൂവെന്ന് ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് ഷാജു അഭ്യർഥന നടത്തിയത്. വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി പേരാണ് ഗോപികയെ സഹായിക്കാനായി രംഗത്തു വന്നത്.

ബുധനാഴ്ചവരെ 2.41 ലക്ഷം രൂപയാണ് ഫെഡറൽ ബാങ്കിൽ ഗോപികയുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് എത്തിയത്. ഈ തുക ഗോപിക പഠിക്കുന്ന സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഷാജു ഗോപികയ്ക്കും അനുജൻ ഗോകുലിനും കൈമാറി. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ സിന്ധു.ആര്‍.എസ്.നായര്‍, ലാന്റ് ലിങ്ക്‌സ് മാനേജിങ്ങ് ഡയറക്ടര്‍ സേതുമാധവന്‍,പഞ്ചായത്തംഗം വി.ആര്‍.രാജേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദേവയാനി, പി.ടി.എ.പ്രസിഡന്റ് കാജാ മൊയ്തീന്‍,മസ്‌കറ്റിലെ പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മ പ്രതിനിധി പി.ശ്രീകുമാര്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

പുതുപ്പരിയാരം സി.ബി.കെ.എം. ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഗോപിക. ഗോപികയുടെ അച്ഛൻ പ്രമേഹരോഗിയായി തളർന്നുകിടക്കുകയാണ്. ഓടുമേഞ്ഞ ഒരു കൊച്ചുവീടാണ് ഇവർക്കുണ്ടായിരുന്നത്. ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകർന്നു. ഇതോടെ തല ചായ്ക്കാൻ ഇടമില്ലാതായി. 15 വയസ്സുകാരിയായ ഗോപികയാണ് അച്ഛന്റെ എല്ലാ കാര്യവും നോക്കുന്നത്. സ്‌കൂളിലെ ഉച്ച സമയത്തെ ഇടവേളയിൽ വീട്ടിൽ എത്തിയാണ് ഗോപിക അച്ഛന് ഭക്ഷണവും മരുന്നും കൊടുക്കുക. ചില ദിവസങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടാവാറില്ല.

Read More: ആ കുഞ്ഞിന് തല ചായ്ക്കാൻ ഇടമില്ല, ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ല, സഹായിക്കൂ; അഭ്യർഥനയുമായി നടൻ ഷാജു

ഗോപികയുടെ കഥ സ്‌കൂളിലെ ഒരു ടീച്ചറാണ് ഷാജുവിനോട് പറയുന്നത്. ഷാജു നേരിട്ടെത്തി കുടുംബത്തെ കാണുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതുകഴിഞ്ഞ് ഫെയ്സ്ബുക്ക് വഴിയും സുമനസുകളോട് ഗോപികയുടെ കുടുംബത്തെ സഹായിക്കാൻ അഭ്യർഥന നടത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ