ശ്രുതിഹാസൻ, ആര്യ, ജയം രവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സംഘമിത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. കാൻ ഫിലിം ഫെസ്റ്റിവലിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. കുതിരപുറത്തിരുന്ന് പട പൊരുതുന്ന ഒരു പോരാളിയായ സംഘമിത്രയാണ് പോസ്റ്ററിലുളളത്. ശ്രുതി ഹാസനാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. രണ്ട് ഭാഗങ്ങളിലായാണ് സംഘമിത്ര ഒരുങ്ങുന്നത്. സുന്ദർ സിയാണ് സംഘമിത്രയുടെ സംവിധായകൻ.

ആര്യയും ജയംരവിയും ആദ്യമായി ഒരുമിച്ച് വെളളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് സംഘമിത്ര. സംഘമിത്രയ്‌ക്കായി കഠിന പരിശീലനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു ശ്രുതി ഹാസൻ. സംഘട്ടന രംഗങ്ങൾ പരിശീലിക്കുന്ന വിഡിയോ താരം മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്ക്‌വച്ചിരുന്നു.

എഡി എട്ടാം നൂറ്റാണ്ടിലാണ് സംഘമിത്രയുടെ കഥ നടക്കുന്നത്. തമിഴ് സിനിമയ്‌ക്ക് എന്നെന്നും ഓർത്തു വെക്കാവുന്ന ഒരു ചിത്രമായിരിക്കും സംഘമിത്രയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.
ബാഹുബലിയുടെ ആർട് ഡയറക്‌ടറായിരുന്ന സാബു സിറിലാണ് സംഘമിത്രയുടെയും പിന്നിൽ പ്രവർത്തിക്കുന്നത്. ശ്രീ തെന്‍ട്രല്‍ ഫിലിംസാണ് നിർമാണം. ഓഗസ്റ്റിൽ സംഘമിത്രയുടെ ചിത്രീകരണം തുടങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ