നിവിന്‍ പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ രൂപേഷ് പീതാംബരന് മലയാള സംവിധായകന്‍ അനില്‍ കെ നായരുടെ മറുപടി. സിനിമയിറങ്ങി മണിക്കൂറുകള്‍ക്കകം നെഗറ്റീവ് റിവ്യൂ എഴുതിയത് തെറ്റായിപോയെന്നും സിനിമയാണ് നമ്മുടെ അന്നമെന്നും അനില്‍ ഫെയസ്ബുക്കിലൂടെ പറയുന്നു.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ‘ഉളിദവരു കണ്ടന്തേ’ എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേയ്ക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞെന്നാണ് രൂപേഷ് പീതാംബരന്‍ പറഞ്ഞത്. രക്ഷിത് ഷെട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് പറയുന്നു. താന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ രക്ഷിതിനെ അറിയാം. നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ താന്‍ വിസ്മയത്തോടെയാണ് രക്ഷിതിനെ നോക്കി കാണുന്നത്. ഉളിദവരു കണ്ടന്തേ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ. ഇതായിരുന്നു രൂപേഷിന്റെ പോസ്റ്റ്. ഇതിനു മറുപടിയുമായാണ് അനില്‍ കെ. നായര്‍ രംഗത്തെത്തിയത്.

അനില്‍ കെ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

… രൂപേഷ് ,നിങ്ങള്‍ക്ക് ഒരു സിനിമയെ പറ്റി എഴുതാന്‍ പൂര്‍ണ്ണ സാതന്ത്രമുണ്ട് പക്ഷെ ഒരു സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കകം നെഗറ്റീവ് റിവ്യൂ എഴുതി നാലാംകിട മഞ്ഞ പത്ര ലൈനില്‍ എന്തിനായിരുന്നു അത്. മുന്‍പ് രൂപേഷ് സംവിധാനം ചെയ്ത സിനിമകള്‍ മാസ്റ്റര്‍ പീസായിരുന്നൊ? അല്ലെങ്കില്‍ തന്നെ ഒന്നു പറയൂ ആരാണ് മലയാളത്തിന്റെ കുറുസോ വാ? ആരാണ് മലയാളത്തിന്റെ സ്പില്‍ബര്‍ഗ്ഗ്? രൂപേഷിനറിയാം ഒരു സിനിമയുടെ പിന്നിലെ നിര്‍മ്മാതാവിന്റെ, നടന്റെ, മറ്റ് നാനാവിധ ടെക്നീഷ്യന്റെ എന്തിന് ഒരു പ്രൊഡക്ഷന്‍ ബോയുടെ വരെ കഷ്ടപ്പാട്. ഇവിടെ ഗൗതം അയാളുടെ തനതായ രീതിയില്‍ ഒരു സിനിമ ചെയ്തു. അതിനെന്തിനാണ് ഇപ്പോള്‍ ഒരു കമ്പാരിസണ്‍. എത്രയെത്ര സിനിമകളാണ് ആദ്യത്തെ ദിവസത്തിന് ശേഷം കയറി വന്നിട്ടുള്ളത്. നിവിന്റെ തന്നെ ആക്ഷണ്‍ ഹീറോ ബിജു എല്ലാ നെഗറ്റീവ് അഭിപ്രായത്തെ മറികടന്ന് കയറി വന്നില്ലേ? ഞണ്ടുകള്‍ എങ്ങനെയായിരുന്നു. നിങ്ങളൊക്കെ ഒന്നു ക്ഷമിക്കൂ സിനിമ ആളുകള്‍ പോയി കാണട്ടെ… ജനങ്ങള്‍ തീരുമാനിക്കട്ടെ.. രൂപേഷിന്റെ സിനിമയും വരട്ടെ… വിജയിക്കട്ടെ.. ഓര്‍ക്കുക സിനിമ നമ്മുടെ അന്നമാണ് രൂപേഷ്…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ