കഥാപാത്രങ്ങളുടെ സ്വാഭാവികതയ്ക്കു വേണ്ടി ഏതറ്റം വരെയും പോകുന്ന നടനാണ് ജയസൂര്യ. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം വീണ്ടും ഒന്നിക്കുന്നത് അത്തരമൊരു കഥാപാത്രത്തിലൂടെയാണ്. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തില്‍ ട്രാന്‍സ് യുവതിയായാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ജയസൂര്യയ്ക്കു വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് ഭാര്യ സരിതയാണ്.

സരിതയുടേയും ജയസൂര്യയുടേയും ഡിസൈനര്‍ ഷോപ്പായ ‘സരിത ജയസൂര്യ’യോടു പുതിയ പരസ്യബോര്‍ഡില്‍ മോഡലായി എത്തിയിരിക്കുന്നത് ജയസൂര്യയുടെ മേരിക്കുട്ടിയാണ്. ഇതിനെ ട്രോളിയാണ് ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് ‘ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ’ എന്നാണ് അടിക്കുറിച്ച് നല്‍കിയിരിക്കുന്നത്. രഞ്ജിത്തിനു മറുകമന്റുമായി സരിതയും എത്തിയിട്ടുണ്ട്. പൊട്ടിച്ചിരിയാണ് സരിതയുടെ മറുപടി.

ഞാന്‍ മേരിക്കുട്ടി ജൂണ്‍ 15നാണ് തിയേറ്ററുകളില്‍ എത്തുന്നത്. മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്രയെ ആസ്‌പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മേരിക്കുട്ടിയായി എത്തുന്നത് ജയസൂര്യയാണ്. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. മുമ്പും പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ