ചെന്നൈ: തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടിയുമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച രജനീകാന്തിന് പിന്തുണയുമായി എആർ റഹ്മാൻ. “രാഷ്ട്രീയ പ്രവേശനം നല്ലതിനാണ്” എന്ന് ഓസ്കാർ അവാർഡ് നേടിയ സംഗീത പ്രതിഭ പറഞ്ഞു.

സമുദായ വേർതിരിവുകളില്ലാതെയാവും തമിഴ്‌നാട്ടിലെ പുതിയ കക്ഷിയെന്നാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. സത്യസന്ധതയ്ക്കും മതനിരപേക്ഷതയ്ക്കുമാണ് ആത്മീയ രാഷ്ട്രീയത്തിലൂടെ താൻ മുൻതൂക്കം നൽകുന്നതെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.

“മതനിരപേക്ഷതയിൽ ഊന്നിയുള്ള ആത്മീയ രാഷ്ട്രീയത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എനിക്ക് തോന്നുന്നത് അദ്ദേഹം നല്ലത് മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നാണ്”, എആർ റഹ്മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നല്ല നേതൃത്വത്തിന്റെ കുറവുണ്ടെന്ന് തോന്നുന്നത് കൊണ്ടാകാം തമിഴ്നാട്ടിൽ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനപക്ഷത്ത് നിന്നുകൊണ്ടാകണം രാഷ്ട്രീയ പ്രവർത്തകർ പ്രവർത്തിക്കേണ്ടത്. അടിസ്ഥാന സൗകര്യ വികസനത്തിനും കർഷകരുടെ പ്രശ്നങ്ങൾക്കും മുൻതൂക്കം നൽകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രജനി മന്ത്രം എന്ന പേരിൽ മൊബൈൽ ആപ്പും വെബ്സൈറ്റും രജനീകാന്ത് ആരംഭിച്ചിരുന്നു. രാഷ്ട്രീയ പാർട്ടിയിലേക്ക് അംഗങ്ങളെ ആകർഷിക്കാനാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ