രജനീകാന്ത്-അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽതന്നെ വലിയ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. 15 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജാപ്പനീസ്, ചൈനീസ്, കൊറിയൻ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.

ഈ ഒക്ടോബറിൽ ചിത്രം പുറത്തിറങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. വിവിധ ഭാഷകളിലായി ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കാൻ മൂന്നുമാസം വേണ്ടിവരുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ഇന്ത്യയിൽ വലിയ റിലീസിനാണ് ചിത്രം തയാറെടുക്കുന്നത്. ഇന്ത്യയിൽ മാത്രം 7000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അങ്ങനെയെങ്കിൽ എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2വിന്റെ റെക്കോർഡ് 2.0 തകർക്കും. ബാഹുബലി 2 ഇന്ത്യയിൽ 6,500 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്.

ശങ്കർ-രജനീകാന്ത് കൂട്ടുകെട്ടിലിറങ്ങിയ യന്തിരൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രത്തിൽ വില്ലന്റെ വേഷമാണ് അക്ഷയ് കുമാറിന്റേത്. അക്ഷയ്‌യുടെ ആദ്യ സൗത്ത് ഇന്ത്യൻ ചിത്രമാണ് 2.0. ആമി ജാക്സൺ ആണ് ചിത്രത്തിലെ നായിക. ആമിയുടെ കഥാപാത്രത്തെക്കുറിച്ചുളള വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 350 കോടിയാണ് സിനിമയുടെ ബജറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ