തൃശ്ശൂർ ഭാഷ പറഞ്ഞ് മലയാളികളുടെ മനം കവർന്ന ജോയ് താക്കോൽക്കാരൻ വീണ്ടുമെത്തുന്നു. പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രമാണ് ജോയ് താക്കോൽക്കാരൻ. ജയസൂര്യ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്നറിയിച്ച് പോസ്റ്റിട്ടിരിക്കുന്നത്. രഞ്‌ജിത്ത് ശങ്കറാണ് പുണ്യാളൻ അഗർബത്തീസ് സംവിധാനം ചെയ്‌തത്.

പുണ്യാളൻ അഗർബത്തീസ്…പല തവണ 2nd പാർട്ടിനെക്കുറിച്ച് രഞ്ജിത്തും ഞാനും കൂടി ആലോചിച്ചതാ ..പക്ഷെ പുണ്യാളൻ അഗർബത്തീസിന്റെ മുകളിൽ നിൽക്കുന്ന ഒരു കഥ workout ആയി വന്നത് ഇപ്പോഴാ ..അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു ..എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോൽക്കാരൻ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് …ഇത്തവണയും പുണ്യാളൻ കൈവിടില്ല എന്ന വിശ്വാസത്തോടെ ഉടൻ ഞങ്ങൾ എത്തുന്നു .. ജയസൂര്യ ഫെയ‌സ്ബുക്കിൽ കുറിച്ചു.

രഞ്‌ജിത്ത് ശങ്കറും ഇക്കാര്യം അറിയിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. “പുണ്യാളൻ അഗർബത്തീസിന് ശേഷം കഴിഞ്ഞ നാലു വര്‍ഷമായി കൊണ്ടുനടന്ന ഒരു സ്വപ്‌നമായിരുന്നു. അതെ, ജോയ് താക്കോൽക്കാരൻ തിരികെ വരുന്നു. ഇത് നൽകുന്ന പ്രതീക്ഷകളെ കുറിച്ച് പൂർണ ബോധ്യമുണ്ട്. എന്നാലിപ്പോൾ ഞങ്ങൾക്ക് നല്ലൊരു തിരക്കഥയുണ്ട്. തൃശൂരിലേയ്ക്കും പുണ്യാളനിലേയ്ക്കും പോകാനായി ഇനിയും കാത്തിരിക്കാന്‍ വയ്യ “-രഞ്ജിത്ത് ശങ്കര്‍ തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ചിത്രത്തിന്റെ രചന നിർവഹിച്ചതും രഞ്ജിത്ത് ശങ്കർ ആയിരുന്നു. 2013ലാണ് പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത് . ജയസൂര്യയെ കൂടാതെ നൈല ഉഷ,അജു വർഗീസ്, രചന നാരായണൻകുട്ടി, ഇന്നസെന്റ് എന്നിവരായിരുന്നു മറ്റു പ്രധാന വേഷത്തിലെത്തിയത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ