ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ഹോളിവുഡ് ലോകത്ത് ശ്രദ്ധേയയാക്കിയ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ക്വാന്റിക്കോ ആണ്. ക്വാന്റിക്കോയില്‍ തന്റെ സഹതാരമായ റസല്‍ ടോവിയുടെ കൂടെയുളള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ‘ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും’ പ്രിയങ്കയെ തളളിത്താഴെ ഇടാന്‍ ശ്രമിക്കുന്ന റസലിനെയാണ് വീഡിയോയില്‍ കാണുന്നത്.

ഇത് ചെയ്യരുതെന്ന് നിലവിളിക്കുന്ന പ്രിയങ്കയേയും കാണാം. എന്നാല്‍ പ്രിയങ്കയെ തളളിത്താഴെ ഇടുന്നതില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ താരം വിജയിച്ചു. എന്നാല്‍ വീണതിന് ശേഷവും ചിരിക്കുന്ന പ്രിയങ്കയുടെ ശബ്ദമാണ് കേള്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാര്‍ ആയിരുന്നില്ല നീങ്ങിയിരുന്നത്. കാറിന് വശത്തായുളള സ്ക്രീനിലെ ദൃശ്യമാണ് നീങ്ങുന്നത്.

അമേരിക്കന്‍ ടിവി പരമ്പരയുടെ തിരക്കില്‍ പെട്ട താരം മാതാവിന്റെ വെളിപ്പെടുത്തലോടെ കഴിഞ്ഞയാഴ്ച്ച വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബോളിവുഡിലെ ഒരു വമ്പന്‍ സംവിധായകകന്റെ ‘നിര്‍ദേശങ്ങള്‍’ പാലിക്കാത്തതിനാല്‍ നടി പ്രിയങ്ക ചോപ്രയ്ക്ക് കുറഞ്ഞത് 10 സിനിമകളെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു മാതാവ് മധു ചോപ്ര പറഞ്ഞത്. ഹോളിവുഡില്‍ ലൈംഗിക ചൂഷണം നടത്തിയെന്ന നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഹാര്‍വി വെയ്ന്‍സ്റ്റീന്‍സ് സംഭവവുമായി ബന്ധപ്പെട്ട് ‘ഒരാളല്ല, ഇത്തരത്തില്‍ ഹോളിവുഡിലുള്ളത്. ഇത് എല്ലായിടത്തും സംഭവിക്കുന്നുമുണ്ട്’ എന്ന് പ്രിയങ്ക ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

2000-ല്‍ തന്റെ 18-ാം വയസിലാണ് പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം തമിഴ് സിനിമയായ ‘തമിഴനി’ലൂടെ പ്രിയങ്ക സിനിമ ലോകത്തെത്തി. അടുത്ത വര്‍ഷം The Hero: Love Story of a Spy എന്ന ചിത്രത്തിലൂടെ ബോളിവുഡിലും. ഇപ്പോള്‍ 40-ലേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ പ്രിയങ്ക, പോപ്പുലര്‍ അമേരിക്കന്‍ ടി.വി ഷോയായ Quantico-യില്‍ പങ്കെടുക്കുന്നതിനൊപ്പം ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. എന്നാല്‍ സിനിമ ലോകത്ത് ബഹുമാനിക്കപ്പെടുന്ന ഒരു വലിയ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിലൂടെ കുറഞ്ഞത് 10 സിനിമകളെങ്കിലും പ്രിയങ്കയ്ക്ക് നഷ്ടപ്പെടുത്തേണ്ടി വന്നുവെന്ന് മധു ചോപ്ര പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ