ഒരു രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ പ്രിയ വാര്യരിന്ന് സുപ്പര്‍ താരങ്ങളെ പോലും മറികടന്ന് മുന്നേറുകയാണ്. ഇപ്പോഴിതാ താരത്തെ കുറിച്ച് പുതിയ വാര്‍ത്തകള്‍ പരക്കുകയാണ്. കണ്ണെറിഞ്ഞ് താരമായ പ്രിയയെ ബോളിവുഡ് തേടുന്നു എന്നാണ് വാര്‍ത്ത.

ബോളിവുഡിലെ യുവതാരം രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രത്തില്‍ പ്രിയ നായികയാകുമെന്നാണ് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബയില്‍ പ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്.

കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍വീര്‍ പൊലീസ് ഉദ്യോഗസ്ഥാനായി എത്തുന്ന ചിത്രത്തിലേക്ക് പ്രിയയെ സൈന്‍ ചെയ്യാന്‍ കരണിന് താല്‍പര്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയ പ്രിയ രണ്‍വീറിന്റെ കടുത്ത ആരാധികയുമാണ്.

നേരത്തേയും ദക്ഷിണേന്ത്യന്‍ നടിമാരെ തന്റെ സിനിമയിലൂടെ ബോളിവുഡിലെത്തിക്കാന്‍ രോഹിത് ഷെട്ടി ശ്രമിച്ചിരുന്നു. സിങ്കം ടൂവില്‍ കാജള്‍ അഗര്‍വാളായിരുന്നു നായിക. അതേസമയം, പത്മാവതിയില്‍ ഏറെ പ്രശംസ നേടിയ കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍വീറിന്റെ പുതിയ ചിത്രം ഗള്ളി ബോയി ആണ്. ബോളിവുഡിലെ യുവനടന്മാരില്‍ ഏറ്റവും മുന്‍ പന്തിയിലുള്ള നടനാണ് രണ്‍വീര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ