നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ അമല പോളിനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പെട്ടെന്നാണ് അമല പോളിനെ നായികാസ്ഥാനത്തുനിന്നും നീക്കിയത്. പകരം പൃഥ്വിരാജ് ചിത്രം എസ്രയിലൂടെ മലയാളത്തിലേക്കെത്തിയ പ്രിയ ആനന്ദിനെയാണ് ചിത്രത്തിലെ നായികയാക്കിയത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അമലയെ നായികസ്ഥാനത്തുനിന്നും മാറ്റിയത്. ഇതിനുപിന്നാലെ അമലയെ മാറ്റിയതിനു പിന്നിൽ പല കാരണങ്ങളുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു. ഇതിനു ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുകയാണ് അമല പോൾ. കായംകുളം കൊച്ചുണ്ണിയിൽനിന്നും തന്നെ മാറ്റിയതല്ലെന്നും മറ്റു ചില സിനിമകളുടെ ഷൂട്ടിങ് തിരക്കുകൾ മൂലം സ്വയം താൻ ചിത്രത്തിൽനിന്നും പിന്മാറിയതെന്നുമാണ് അമല പോൾ വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ അമല പോൾ. ഈ വർഷം അമലയുടെ രണ്ടു ചിത്രങ്ങളാണ് തമിഴിൽ പുറത്തിറങ്ങിയത്. ധനുഷിന്റ വേലെയില്ലാ പട്ടധാരി 2, ബോബി സിംഹയുടെ തിരുട്ടുപയലേ 2. തിരുട്ടുപയലേ 2 ചിത്രത്തിലെ അമല പോളിന്റെ ഗ്ലാമർ രംഗങ്ങൾ ഏറെ വിവാദമുയർത്തിയിരുന്നു. ഭാസ്കർ ഒരു റാസ്കൽ എന്ന ചിത്രത്തിലാണ് അമല ഇപ്പോൾ അഭിനയിക്കുന്നത്. മലയാള ചിത്രം ഭാസ്കർ ദി റാസ്കൽ ചിത്രത്തിന്റെ തമിഴ് റീമേക്കാണിത്. മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം തമിഴിൽ അരവിന്ദ് സ്വാമിയാണ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ