സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിക്ക് പിന്തുണയുമായി തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. പത്മാവതിക്കെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധിക്കുന്നതിനെയും ന്യൂഡും സെക്സി ദുര്‍ഗയും ഇന്ത്യന്‍ പനോരമയില്‍ നിന്നും ഒഴിവാക്കിയതിനെയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

ആര്‍ക്കാണോ ബാധകമായത് അവര്‍ക്ക്:

ഒരാള്‍ക്ക് മൂക്ക് മുറിക്കണം.. ഒരാള്‍ക്ക് കലാകാരന്റെ തലവെട്ടണം. മറ്റൊരാള്‍ക്ക് നടനെ വെടിവച്ചു കൊല്ലണം.. ചലച്ചിത്രോത്സവത്തിലേക്ക് ജൂറി തന്നെ തിരഞ്ഞെടുത്ത ചില സിനിമകളെ ഒഴിവാക്കാന്‍ ഇവിടുത്തെ സിസ്റ്റം ശ്രമിക്കുന്നു. എന്നിട്ടും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത്? നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണോ? ആക്രമിക്കുകയാണോ? ചോദിക്കുകയാണ്.’ പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ രാജസ്ഥാനിലെ കര്‍ണിസേന, പത്മാവതിയിലെ നായികയായ ദീപിക പദുക്കോണിനെതിരെയും ആക്രമണ ഭീഷണി ഉയര്‍ത്തി. ദീപികയുടെ മുംബൈയിലെ വീട്ടിലും ഓഫീസിലും മറ്റു സ്ഥാപനങ്ങളിലും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്. പത്മാവതിയായി രംഗത്തെത്തിയ ദീപിക പദുക്കോണ്‍ ഇന്ത്യന്‍ സംസ്‌കാരം കളങ്കപ്പെടുത്തിയെന്നാണ് കര്‍ണി സേന ആരോപിച്ചത്. ദീപികയുടെ മൂക്ക് ചെത്തുമെന്ന് പറഞ്ഞ കര്‍ണിസേന, ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്ത ശിക്ഷയാകും നല്‍കുകയെന്നും പറഞ്ഞിരുന്നു.

രാജ്പുത് സമുദായത്തെ അപമാനിക്കുന്നതാണ് ചിത്രമെന്ന ആരോപണവുമായാണ് കര്‍ണി സേന സിനിമയ്ക്ക് എതിരെ രംഗത്തെത്തിയത്. ഡിസംബര്‍ ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഇവരെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ