പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുളള വാർത്തകൾ പരക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പോഴിതാ പ്രഭാസിന്റെ ബാച്‌ലർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കുടുംബം. 38 കാരനായ പ്രഭാസ് ഈ വർഷം വിവാഹിതനാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രഭാസിന്റെ അങ്കിൾ കൃഷ്ണാം രാജുവാണ് പ്രഭാസ് ഈ വർഷം വിവാഹിതനാവുമെന്ന് അറിയിച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

തന്റെ പിറന്നാൾ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുളള ചോദ്യവും ഉയർന്നത്. അതിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു, ”എല്ലാ അഭിമുഖങ്ങളിലും ഞാൻ നേരിടുന്ന ചോദ്യമാണിത്. ഈ വർഷം തന്നെ പ്രഭാസ് വിവാഹിതനാവും. വിവാഹത്തിന് അവൻ സമ്മതം മൂളിയിട്ടുണ്ട്”.

ബാഹുബലിക്കുശേഷം സാഹോ എന്ന സിനിമയിലാണ് പ്രഭാസ് ഇപ്പോൾ അഭിനയിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. അനുഷ്ക ഷെട്ടിയെയാണ് സിനിമയിലെ നായികാ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് നറുക്ക് ശ്രദ്ധയ്ക്ക് വീഴുകയായിരുന്നു.

പ്രഭാസും അനുഷ്ക ഷെട്ടിയും എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നവരാണ്. അനുഷ്കയുമായി പ്രഭാസ് പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകൾ. അനുഷ്കയുടെ പിറന്നാളിന് ആഡംബര കാർ സമ്മാനമായി പ്രഭാസ് നൽകിയതും, പ്രഭാസിന്റെ പിറന്നാളിന് ഡിസൈനർ വാച്ച് അനുഷ്ക സമ്മാനമായി നൽകിയതും ഗോസിപ്പ് വാർത്തകൾക്ക് ആക്കം കൂട്ടി. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ഗോസിപ്പ് വാർത്തകളോടുളള ഇരുവരുടയും പ്രതികരണം.

‘ചുറ്റും കേൾക്കുന്ന ഗോസിപ്പ് വാർത്തകൾക്ക് ചെവി കൊടുക്കേണ്ടെന്ന് ഞാനും അനുഷ്കയും നേരത്തെ തീരുമാനിച്ചതാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. കഴിഞ്ഞ 9 വർഷമായി ഞങ്ങൾ രണ്ടുപേരുടെയും കുടുംബങ്ങളും സുഹൃത്തുക്കളാണ്. വർഷങ്ങളായി ഞങ്ങൾ രണ്ടുപേർക്കും പരസ്പരം അറിയാം’, അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ