സിനിമാ പ്രേമികൾ കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം വരവിനായി. ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയാണ് ബാഹുബലിയുടെ ആദ്യ ഭാഗത്തിന് തിരശീല വീഴുന്നത്. ആ ചോദ്യങ്ങൾക്കെല്ലാമുളള ഉത്തരമാണ് ബാഹുബലി ദി കൺക്ളൂഷൻ. പ്രഭാസ് ചിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. നീണ്ട നാല് വർഷങ്ങളാണ് ബഹുബലിക്കായി പ്രഭാസ് മാറ്റി വെച്ചത്. അതിനിടയിൽ മറ്റ് ചിത്രങ്ങളൊന്നും തന്നെ ചെയ്‌തിരുന്നില്ല.

ബാഹുബലിയുടെ വേഷമല്ലായിരുന്നെങ്കിൽ കട്ടപ്പയോ ശിവകാമിയോ ആയുളള വേഷങ്ങൾ ചെയ്യാൻ ഇഷ്‌ടപ്പെട്ടിരുന്നതായി പ്രഭാസ്. ബാഹുബലിയുടെ വേഷമല്ലായിരുന്നെങ്കിൽ ഏത് വേഷം തെരഞ്ഞെടുക്കാമായിരുന്നെന്ന ചോദ്യത്തിനുളള മറുപടിയായാണ് പ്രഭാസ് ഇങ്ങനെ പറഞ്ഞത്.കട്ടപ്പയും ശിവകാമിയുടെയും വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്. ബാഹുബലിയാവാൻ കഴിഞ്ഞതിൽ തീർച്ചയായും സന്തോഷമുണ്ട്. പക്ഷേ കട്ടപ്പ, ശിവകാമി, ബല്ലാല തുടങ്ങിയ കഥാപാത്രങ്ങൾ കാണുമ്പോൾ അങ്ങനെ ചിന്തിച്ചു പോവും. ഒരു സിനിമയിലഭിനയിക്കുമ്പോൾ ഈ ചിന്ത സാധാരണമാണ്, പ്രഭാസ് പറയുന്നു.

ഒരുപാട് പ്രതീക്ഷകളോടെ ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററിലെത്തുന്നതിന്റെ അല്‌പം ടെൻഷനും പ്രഭാസിനുണ്ട്. “പോകുന്ന ഇടങ്ങളിലെല്ലാം ജനങ്ങൾ ബാഹുബലിയെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാറുണ്ട്. ഇത് സന്തോഷം പകരുന്നതാണ്. ബാഹുബലി ആദ്യ ഭാഗം തിയേറ്ററിലെത്തുമ്പോൾ ഉണ്ടായിരുന്നത് പോലെയല്ല ഇപ്പോഴത്തെ വികാരങ്ങൾ. അന്ന് ഏതൊക്കെ സ്ഥലങ്ങളിൽ ഈ സിനിമ വിജയിക്കും എന്നൊന്നും അറിയില്ലായിരുന്നു. ആദ്യ ഭാഗത്തെ എങ്ങനെ സ്വീകരിക്കുമെന്ന് പോലും അറിയില്ലായിരുന്നു. എന്നാൽ ജനങ്ങൾ ബാഹുബലിയെ ഇഷ്‌ടപ്പെട്ടു. അതിനാൽ തന്നെ രണ്ടാം ഭാഗമെത്തുമ്പോൾ പരിഭ്രമവും ആകാംഷയുമുണ്ട്.”

“ആദ്യ ഭാഗത്തേക്കാൾ വലുതായിരിക്കും രണ്ടാം ഭാഗമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആദ്യ ഭാഗം അധികം പേരിലുമെത്തിയത് പറഞ്ഞ് പറഞ്ഞാണ്. എന്നാൽ രണ്ടാം ഭാഗമെത്താനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കാരണം ഒരുപാട് കാര്യങ്ങൾ അവർക്ക് അറിയാനുണ്ട്.”

പ്രഭാസിന്റെ ബോളിവുഡ് പ്രവേശനത്തെ പറ്റി ചോദിച്ചപ്പോൾ അതിനെ പറ്റി ഉടൻ അറിയിക്കാമെന്നായിരുന്നു തെലുങ്ക് താരത്തിന്റെ മറുപടി.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന വലിയ ചോദ്യത്തിനുളള ഉത്തരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരു പക്ഷേ മറ്റൊരു ചിത്രത്തിനായും ഇത്രയേറെ പ്രേക്ഷകർ കാത്തിരിന്നിട്ടുമുണ്ടാകില്ല.

പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടവും അനുഷ്‌കയുടെയും രമ്യ കൃഷ്‌ണന്രെയും ശക്തമായ കഥാപാത്രങ്ങളും തമന്നയുടെയും സത്യരാജിന്റെയും പ്രകടനവുമെല്ലാം കാണാനായി കാത്തിരിക്കുക കൂടിയാണ് ആരാധകർ. ഏപ്രിൽ 28നാണ് എസ്.എസ്.രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ