നടന്‍ സൗബിന്‍ സാഹിറിന്റെ ആദ്യ സംവിധാന സംരംഭം പറവ നാളെ തിയേറ്ററുകളില്‍ എത്തുന്നു. സംവിധാന സഹായിയായി സിനിമയിലെത്തിയ സൗബിന്‍ നടനായും ഇപ്പോള്‍ സംവിധായകനായും ചുവടു മാറ്റം നടത്തിയിരിക്കുകയാണ്. ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്റ്‌മെന്റ് ദ് മൂവീ ക്ലബിന്റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ്.

നേരത്തേ കണ്ട ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ചിത്രമായിരിക്കും ‘പറവ’ എന്ന് ദുല്‍ഖര്‍ സല്‍മാന്‍റെ ഉറപ്പ് നേരത്തേ പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. ‘പറവ’യിലെ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ചിത്രം വ്യത്യസ്ഥമായിരിക്കുമെന്ന് താന്‍ ഉറപ്പുനല്‍കുന്നതായി ദുല്‍ഖര്‍ ഫെയ്സ്ബുക്കിഞ കുറിച്ചിരുന്നു. സൗബിന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. പ്രേക്ഷകര്‍ വെറുപ്പിക്കാതെ ചിരിപ്പിക്കാന്‍ കഴിയുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. പ്രേമത്തിലും മഹേഷിന്റെ പ്രതികാരത്തിലൂടെയും സൗബിന്‍ സിനിമയില്‍ തന്റെതായ ഒരിടം സ്വന്തമാക്കിയിരുന്നു.

പറവയിലെ തന്റെ ഇഷ്ടഗാനം എന്നു പറഞ്ഞ് ദുൽഖർ നേരത്തേ ഒരു വിഡിയോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിന്നു. പ്യാർ പ്യാർ’ എന്ന ഗാനത്തിന്റെ വരികളടങ്ങിയ വിഡിയോയാണ് പുറത്തുവിട്ടത്. പാട്ട് പാടിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും റെക്സ് വിജയനാണ്.

അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ദുൽഖർ ചിത്രത്തില്‍ അതിഥി കഥാപാത്രമാകുമെന്നാണ് സൂചന. ഹരിശ്രീ അശോകന്‍, സൈനുദ്ദീന്‍, അബി എന്നിവരുടെ മക്കളായ ഷെയ്ന്‍ നിഗം, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി പറവയ്ക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ