ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ വീണ്ടുമൊരു സര്‍പ്രൈസുമായി മോഹന്‍ലാല്‍, അല്ല ഒടിയന്‍ മാണിക്യന്‍ എത്തിയിരിക്കുകയാണ്. പാലക്കാട്ടെ തേന്‍കുറിശ്ശിയില്‍ സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് വിശേഷങ്ങളും തേന്‍കുറിശ്ശിയുടെ വിശേഷങ്ങളും പങ്കുവച്ച് മോഹന്‍ലാല്‍ ആരാധകര്‍ക്ക് മുന്നിലെത്തുകയാണ് പുതിയ വീഡിയോയിലൂടെ.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയ’ന്റെ തിരക്കഥ ഹരികൃഷ്ണന്‍ എഴുതുന്നു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ‘ഒടിയ’ന്റെ ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്‍, കലാസംവിധാനം പ്രശാന്ത് മാധവ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ‘ഒടിയ’ന്റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ പ്രശാന്ത് സൃഷ്ടിക്കുന്നുണ്ട്.

ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോശാല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ‘ഒടിയ’ന് വേണ്ടി സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. വരികള്‍ റഫീഖ് അഹമ്മദ്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയ’ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല. ചിത്രത്തിന്റെ റിലീസ് ദിനം തീരുമാനിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ