കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ലെന്ന് നടി നൈലാ ഉഷ. റെഡ് എഫ്എമ്മില്‍ ആര്‍.ജെ. മൈക്ക് അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് നൈല തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

റാപ്പിഡ് ഫയര്‍ റൗണ്ടിലായിരുന്നു അവതാരകന്‍ ഇക്കാര്യം ചോദിച്ചത്. അവസാനമായി ഒരു സ്ത്രീവിരുദ്ധ ഡയലോഗ് കേട്ടത് എപ്പോഴാണെന്ന ചോദ്യത്തിന്, അവസാനമായി കണ്ടത് എപ്പോഴാണെന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ല പക്ഷെ കസബയിലെ ഈ പ്രശ്നം വന്നപ്പോള്‍ ആ ലിങ്ക് തുറന്ന് നോക്കിയപ്പോള്‍ ഡയലോഗ് കേട്ടിരുന്നു. അത് കേട്ടപ്പോള്‍ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. അത് ആര് പറഞ്ഞാലും, സ്ത്രീ പറഞ്ഞാലും പുരുഷന്‍ പറഞ്ഞാലും അത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നില്ല.

എന്നാല്‍ കസബയ്ക്ക് എത്ര റേറ്റിംഗ് കൊടുക്കുമെന്ന് ചോദിക്കുമ്പോള്‍ താനാ സിനിമ കണ്ടിട്ടില്ലെന്നും അത് കാണാതെ സിനിമയെ റെയ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു മറുപടി. ആ സിനിമയില്‍ അത്തരത്തിലൊരു ഡയലോഗ് ഉണ്ട് എന്നത് കൊണ്ട് ആ സിനിമ മോശമാണെന്ന് ഞാന്‍ പറയില്ല. സിനിമ കണ്ടിട്ട് അത് ഇഷ്ടമായില്ലെങ്കില്‍ കുറഞ്ഞ പോയിന്റേ നല്‍കുവെന്നും നൈല പറഞ്ഞു.

അതേസമയം, സിനിമയിലെ സ്ത്രീകൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് നല്ല അഭിപ്രായമാണ് നൈല പറഞ്ഞത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതാണെന്നും തുടക്കത്തിലുള്ള ഒരുസംഘടന എന്ന നിലയില്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ നാല് പോയിന്റ് നല്‍കുന്നുവെന്നും നൈല വ്യക്തമാക്കി.

മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ ആദ്യമായി മലയാള സിനിമയില്‍ നായികയായി എത്തുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല എന്ന ചിത്രമാണ് നൈലയുടേതായി അവസാനം ഇറങ്ങിയ സിനിമ. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ