തമിഴ് സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ് പൊങ്കലാവാന്‍. സൂര്യയുടെ ‘താനാ സേര്‍ന്ത കൂട്ടം’ റിലീസിനെത്തുകയാണ്. കീര്‍ത്തി സുരേഷ്, രമ്യ കൃഷ്ണന്‍, കാര്‍ത്തിക്, സെന്തില്‍ എന്നിവരും ചിത്രത്തിലുണ്ട്. സിനിമയെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തലാണ് സൂര്യ നടത്തിയിരിക്കുന്നത്. പുകവലിക്കുന്നതോ മദ്യപിക്കുന്നതോ ആയ ഒരൊറ്റ രംഗം പോലും ചിത്രത്തില്‍ ഇല്ല.

ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഫെസ്റ്റിവല്‍ റിലീസുമായി സൂര്യ എത്തുന്നത്. പൊതുവേ തന്റെ സിനിമകളില്‍ കഥാപാത്രം ഭയങ്കരമായി ദേഷ്യപ്പെടുകയും അടിക്കുകയും ഇടിക്കുകയും ചെയ്യുന്നൊരാളായിരിക്കുമെന്നും എന്നാല്‍ താനാ സേര്‍ന്തകൂട്ടം അതില്‍ നിന്നും വ്യത്യസ്മാണെന്നും സൂര്യ പറഞ്ഞു. സംഭാഷണങ്ങളും ശരീരഭാഷ പോലും വ്യത്യസ്തമാണ്.

തന്റെ ഏറ്റവും പ്രിയപ്പെട്ട താരത്തിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് കീര്‍ത്തി സുരേഷും. സ്‌കൂള്‍ കാലം മുതലേ താനൊരു സൂര്യ ആരാധികയായിരുന്നുവെന്ന് കീര്‍ത്തി പറയുന്നു. ചിത്രം ഒരു റൊമാന്റിക്-കോമഡി വിഭാഗത്തില്‍ പെട്ടതല്ലെങ്കിലും തനിക്ക് വിഗ്നേഷ് ശിവന്‍ തന്നത് നല്ലൊരു കഥാപാത്രമാണെന്നും കീര്‍ത്തി പറഞ്ഞു.

ഇത്തവണത്തെ പൊങ്കല്‍ സൂര്യയ്ക്കുള്ളതു തന്നെയാണെന്നാണ് ആരാധകര്‍ പങ്കുവയ്ക്കുന്ന വികാരം. വമ്പന്‍ ഹിറ്റായ നാനും റൗഡി താന്‍ സംവിധായകനൊപ്പം സൂര്യ അഭിനയിക്കുന്നതിന്റെ ആവേശവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. സൂര്യയുടെ 35ാമത്തെ ചിത്രമാണ് എന്ന പ്രത്യേകതയും താനാ സേര്‍ന്ത കൂട്ടത്തിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ