രണ്ടു തമിഴ് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും നിവേദ പെതുരാജ് തമിഴ് സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ നായികയാണ്. മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രത്തില്‍ നാലുനായികമാരില്‍ ഒരാളാകുന്നത് നിവേദയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

വായ് മൂടി പേസവും, ഓകെ കണ്‍മണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ആയിരുന്നു ദുല്‍ഖറിന്റെ തമിഴ് ചിത്രം. അടുത്ത ചിത്രം നവാഗതനായ റാ കാര്‍ത്തിക്കിനൊപ്പം ആണ്. ഈ ചിത്രത്തിലെ നാലു നായികമാരില്‍ ഒരാളായാണ് നിവേദ എത്തുന്നത്.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കെനന്യ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയിലിലൂടെ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ശാലിനി പാണ്ഡെയും ചിത്രത്തില്‍ ദുല്‍ഖറിനൊപ്പമുണ്ടെന്ന് അറിയുന്നു. ചിത്രീകരണം ഈ വര്‍ഷം തുടങ്ങിയേക്കാം.

ചെറുപ്പത്തില്‍ താന്‍ നേരിട്ട ലൈംഗികാതിക്രമം തുറന്നു പറഞ്ഞും നിവേദ പ്രേക്ഷകരുടെ ശ്രദ്ധയില്‍ നിന്നിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നിവേദയുടെ തുറന്നു പറച്ചില്‍. ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണെന്ന് നിവേദ പറയുന്നു. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കണം. ഏതൊരാളും തങ്ങളെ സ്‌പര്‍ശിക്കുമ്പോള്‍ അതിന്റെ ഉദ്ദേശം മനസിലാക്കാന്‍ അവരെ പ്രാപ്തരാക്കണമെന്നും നിവേദ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ