എൻജികെ ഒരു കമ്യൂണിസ്റ്റ് ചിത്രമാണോ എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ സംസാരമായിരിക്കുന്നത്. തമിഴിൽ നടൻ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ അക്ഷരാർത്ഥത്തിൽ വിപ്ലവ നായകൻ ചെഗുവേരയെ ഓർമ്മിപ്പിക്കുന്നതാണ്. ചിത്രത്തിന്റെ സംവിധായകൻ സെൽവരാഘവന്റെ പിറന്നാൾ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ഗ്രാഫിറ്റി ആർട്ട് വർക്ക് പോലെ തോന്നിക്കുന്നതാണ് ചിത്രത്തിന്റെ പോസ്റ്റർ. ചുവപ്പ് നിറത്തിലുളള തൊപ്പി, കറുത്ത നിറത്തിലുളള സൺഗ്ലാസ് ഇവയെല്ലാം ആരുടെയും കണ്ണുകളെ ചിത്രത്തിലേക്ക് പിടിച്ചുവലിക്കുന്നതാണ്. ചുരുട്ടിപ്പിടിച്ച മുഷ്ടിയും ഫസ്റ്റ് ലുക് പോസ്റ്ററിൽ കാണാം. അതായത്, പുറത്തിറങ്ങാൻ പോകുന്നസൂര്യയുടെ പുതിയ ചിത്രം ‘എൻജികെ’ ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുളളതെന്ന് സാരം.

കലാബോധമുളളതും ആരെയും ചിന്തിപ്പിക്കുന്നതുമായ ചിത്രമാണ് ഇത്. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാണ് എൻജികെ എന്ന തോന്നൽ ജനിപ്പിക്കുന്നതാണ് സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ.

തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്‌തമായ വിഷയങ്ങൾ ഏറ്റെടുത്തിട്ടുളള സംവിധായകൻ സെൽവരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. 2013 ൽ പുറത്തിറങ്ങിയ രണ്ടാം ഉലകം ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പിന്നീട് നെഞ്ചം മറപ്പതില്ലൈ എന്ന ഹൊറർ ചിത്രം സംവിധാനം ചെയ്തെങ്കിലും പലവിധ കാരണങ്ങളാൽ ഈ സിനിമ റിലീസ് ചെയ്തില്ല.

ഇതിന് പുറമേ മന്നവൻ വന്തനടി സന്താനം എന്ന ചിത്രവും സെൽവരാഘവൻ ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്. ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച എൻജികെ ദീപാവലി റിലീസായാണ് ഒരുക്കുന്നത്. ഡ്രീം വാരിയർ പിക്‌ചർ ഉടമ പ്രഭു വാര്യരാണ് നിർമ്മാണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. ജികെ പ്രസന്ന എഡിറ്റിംഗ് നിർവ്വഹിക്കും. സായി പല്ലവി, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ