ഡോക്യമെന്ററി സംവിധായികയും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗമ്യ സദാനന്ദന്‍ മലയാളത്തില്‍ തന്റെ ആദ്യ ഫീച്ചര്‍ ഫിലിം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ്.

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷേപഹാസ്യമായിരിക്കും സൗമ്യ ഒരുക്കുന്ന ചിത്രം. ചിത്രത്തില്‍ വലിയ ട്വിസ്റ്റുകളോ അടിപിടി രംഗങ്ങളോ സര്‍പ്രൈസുകളോ ഉണ്ടാകില്ലെന്നും ഇതൊരു കുഞ്ഞു കഥയാണെന്നുമാണ് സംവിധായിക പറയുന്നത്. നിമിഷയും കുഞ്ചാക്കോ ബോബനും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

ഒരു ഇടവേളയ്ക്കു ശേഷം നടി മല്ലിക സുകുമാരനും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മറ്റ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സൗമ്യ പറയുന്നു. അനന്യ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതനായ സോണി മഠത്തിലാണ്.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ചെമ്പൈ’ എന്ന ഹ്രസ്വ ചിത്രത്തിന് സൗമ്യയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ