സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ മലയാളത്തിലേക്കും എത്തുന്നു. ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഷോയുടെ അവതാരകനായി എത്തുന്നത് മോഹന്‍ലാലാണ്. ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഹിറ്റായി മാറിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് കുറച്ച് നാളുകളായി അന്തരീക്ഷത്തില്‍ കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇപ്പോഴാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.

മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും നേരത്തെ അവതാരകരായി പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ മോഹന്‍ലാലില്‍ എത്തിച്ചേരുകയായിരുന്നു. കൊച്ചിയില്‍ വച്ചായിരിക്കും ഷോയുടെ ഷൂട്ടിംഗ് നടക്കുകയെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സൂപ്പര്‍ ഹിറ്റായ ബിഗ് ബ്രദര്‍ എന്ന യുഎസ് റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പായിരുന്നു ബിഗ് ബോസ്. സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പിന്റെ അവതാരകന്‍. ബോളിവുഡിലെ പല താരങ്ങളുടേയും തുടക്കം ബിഗ് ബോസിലൂടെയായിരുന്നു. സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത് ബിഗ് ബോസിലൂടെയായിരുന്നു.

ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് കന്നഡയിലും ബിഗ് ബോസ് ആരംഭിക്കുകയായിരുന്നു. കന്നഡില്‍ അഞ്ചാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. തെലുങ്കില്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറാണ് അവതാരകന്‍.

ഒരു സംഘം സെലിബ്രിറ്റികളെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടില്‍ കുറച്ച് നാളത്തേക്ക് പാര്‍പ്പിക്കുന്നതാണ് പരിപാടി. മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി ഓരോ ആഴച്ചയും പുറത്താകും. അവസാനം ബാക്കിയാകുന്നയാള്‍ക്ക് ലഭിക്കുക വന്‍ സമ്മാനത്തുകയായിരിക്കും. ബിഗ് ബോസ് മലയാളത്തിലെത്തുമ്പോള്‍ ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളാവുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ