മാത്യു മഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ്‌ പോലീസ് ഓഫീസറുടെ ത്രസിപ്പിക്കുന്ന കഥയുമായാണ് ബി ഉണ്ണികൃഷ്ണന്‍റെ വില്ലന്‍ ഒരുങ്ങുന്നത്. കേന്ദ്ര കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന്‍റെ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ഗെററ്റപ്പിലുള്ള പോസ്റ്ററും ടീസറും ഗാനങ്ങളുമെല്ലാം ആരാധകര്‍ നെഞ്ചേറ്റി കഴിഞ്ഞു.

ആക്ഷന്‍ ത്രില്ലെര്‍ ശ്രേണിയില്‍ പെട്ട ചിത്രത്തിന്‍റെ പോസ്റ്റ്‌ പ്രോഡക്ഷന്‍ പുരോഗമിക്കുന്നു എന്നും ഓണത്തിന് ശേഷമായിരിക്കും റിലീസ് ഉണ്ടാവുക എന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

‘വില്ലന്‍റെ ഡബ്ബിങ്ങിൽ ബാക്കിയായ തിരുത്തലുകളും ചെയ്ത്‌ ശ്രീ. മോഹൻലാൽ നാളെ ഭൂട്ടാനിലേക്ക്‌ ചെറിയൊരു ഒഴിവുകാലത്തിനായി പോവുന്നു. വില്ലൻ നിങ്ങളുടെ കാഴ്ച്ചയിലേക്ക്‌ ഓണത്തിനു ശേഷം എത്തും. ഓണക്കാലത്ത്‌ കേരളത്തിലെ എല്ലാ തീയറ്ററുകളിലും വില്ലന്‍റെ ട്രൈയിലർ ഉണ്ടാവും’

രാജ്യത്തെ മുന്‍ നിര നിര്‍മ്മാതാക്കളില്‍ ഒരാളായ റോക്ക് ലൈന്‍ വെങ്കിടേഷ് ആണ് വില്ലന്‍റെ നിര്‍മ്മാതാവ്. സല്‍മാന്‍ ഖാന്‍ നായകനായ ബജ്രംഗി ഭായ്ജാന്‍, രജനികാന്ത്, അനുഷ്ക ഷെട്ടി എന്നിവര്‍ അഭിനയിച്ച ലിംഗ എന്നീ ചിത്രങ്ങളുടെയെല്ലാം നിര്‍മ്മാതാവായ വെങ്കിടേഷ് ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണ് വില്ലന്‍. മൂന്ന് ഭാഷകളിലായി റിലീസ് ചെയ്യും എന്നാണറിയുന്നത്.

തമിഴ് നടീ നടന്മാരായ ഹന്‍സികയും വിശാലും മലയാളത്തിലേക്ക് ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് വില്ലന്. ശക്തിവേല്‍ പളനിസ്വാമി ആയി വിശാല്‍ എത്തുമ്പോള്‍ ശ്രേയ എന്ന കഥാപാത്രത്തെയാണ് ഹന്‍സിക അവതരിപ്പിക്കുന്നത്‌. മന്‍ജു വാര്യരും പ്രധാനപെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

4മ്യൂസിക് എന്ന ബാന്‍ഡ് ആണ് വില്ലന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ജിം, ബിബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവരടങ്ങുന്നതാണ് 4മ്യൂസിക്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരി നാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍. യേശുദാസ്, ശക്തിശ്രീ ഗോപാലന്‍, നിരന്ജ് സുരേഷ്, ഹരിത ബാലകൃഷ്ണന്‍, രാശി ഖന്ന എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ജൂലൈ മാസം തന്നെ റിലീസ് ചെയ്തിരുന്നു.

വിണ്ണയ് താണ്ടി വരുവായ, ധ്രുവ നക്ഷത്രം തുടങ്ങിയ തമിള്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച
മനോജ്‌ പരമഹംസയാണ് വില്ലന്‍റെ സിനിമാട്ടോഗ്രാഫര്‍. 8 k എന്ന കൂടിയ ദൃശ്യ നിലവാരത്തില്‍ തയ്യാറാകുന്ന ആദ്യ മലയാള ചിത്രമാണ് വില്ലന്‍.

ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ