ഒടിയന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഷൻ പോസ്റ്ററിൽ മോഹൻലാലുളളത്. ഒടി ഒടി ഒടിയൻ എന്ന വരികളോടുകൂടിയ പശ്ചാത്തല സംഗീതവും മോഷൻ പോസ്റ്ററിലുണ്ട്. മലയാള സിനിമയിലെ ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മോഹൻലാൽ ചിത്രം ‘ഒടിയൻ’ അണിയറയിൽ ഒരുങ്ങുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരകൻ എന്ന ചിത്രത്തിൽ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന.

പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടുകാലത്തെ കഥയാണ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ