മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയന്‍. മൂന്നു കാലഘട്ടത്തില്‍ മൂന്നു പ്രായങ്ങളിലായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ഷൂട്ട് നടക്കുമ്പോള്‍ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ട് പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുകയാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് ഒടിയന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു സൂപ്പര്‍ ഹീറോ ആയാണെത്തുന്നതെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

മോഹന്‍ലാലിനെ കൂടാതെ മഞ്ജുവാര്യര്‍, പ്രകാശ് രാജ്, നരേന്‍ എന്നിവരും ചിത്രത്തിലുണ്ട്. പീറ്റര്‍ ഹെയിന്‍ ആണ് ഒടിയന്റെ ആക്ഷന്‍ സംവിധാനം നിര്‍വ്വഹിക്കുന്നത്.

പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ‘ഒടിയ’ന്റെ തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്‍, കലാസംവിധാനം പ്രശാന്ത് മാധവ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ‘ഒടിയ’ന്റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ പ്രശാന്താണ് സൃഷ്ടിച്ചത്.

ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോശാല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ‘ഒടിയ’ന് വേണ്ടി സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. വരികള്‍ റഫീഖ് അഹമ്മദ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ