മഹാഭാരതമെന്ന ചരിത്രത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ മോഹൻലാലിനെതിരെ പരിഹാസവുമായി ബോളിവുഡ് നടൻ കമാൽ ആർ.ഖാൻ. ഭീമനാവാനൊരുങ്ങുന്ന മോഹൻലാലിനെ ഛോട്ടാ ഭീമെന്ന് ട്വിറ്ററിലാണ് കമാൽ ആർ.ഖാൻ കളിയാക്കിയത്.

1000 കോടി മുതൽ മുടക്കി ബി.ആർ. ഷെട്ടി നിർമ്മിക്കുന്ന ചിത്രം എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി മഹാഭാരതം വെള്ളിത്തിരയിൽ അവതരിപ്പിക്കാനാണ് ശ്രമം. ഭീമനായി താൻ വരുമെന്ന് മോഹൻലാൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ഈ വാർത്ത ഇന്ത്യയിലെ സിനിമ രംഗത്ത് വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ബോളിവുഡിൽ ഈ വാർത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അമിതാഭ് ബച്ചൻ ഭീഷ്മരുടെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വാർത്ത പരന്നതോടെ ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ അടയാളപ്പെടുത്തലാകുമെന്ന നിലയിൽ ഈ സിനിമയെ വാർത്തകളിലൂടെ അടയാളപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ ഛോട്ടാ ഭീമെന്ന നിലയിൽ പരിഹസിച്ചുള്ള ട്വിറ്റർ പോസ്റ്റ്. “മോഹൻലാൽ സാറിനെ കണ്ടാൽ ഛോട്ടാഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെയാണ് മഹാഭാരതത്തിലെ ഭീമന്റെ വേഷം ചെയ്യുക”യെന്നുമാണ് കെആർകെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തത്.

ബി.ആർ.ഷെട്ടി ഇത്രയധികം പണം പാഴാക്കിക്കളയുകയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ വാർത്ത പുറത്ത് വന്നതോടെ കമാൽ ആർ.ഖാൻ സിനിമ പ്രേമികളുടെ കണക്കറ്റ ശകാരം കേൾക്കുന്നുണ്ട്. ഇംഗ്ളീഷിലും ഹിന്ദിയിലും മാത്രമല്ല, മലയാളത്തിൽ പോലും സിനിമാ പ്രേമികൾ കെആർകെയെ ചീത്ത വിളിക്കുന്നുണ്ട്.

മലയാളം കൂടാതെ ഹിന്ദി, ഇംഗ്ളീഷ്, തമിഴ്,തെലുങ്ക് ഭാഷകളിലുമായാണ് മഹാഭാരതം ഒരുക്കുന്നത്. മികച്ച സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ധരുമായിരിക്കും മഹാഭാരതത്തിൽ അണിനിരക്കുക. ഹോളിവുഡിലെയും ഇന്ത്യയിലെ സിനിമയിലെയും മികച്ച താരങ്ങൾ മഹാഭാരതത്തിലുണ്ടാവും.

രണ്ട് ഭാഗങ്ങളിലായാണ് മഹാഭാരതം ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം സെപ്‌റ്റംബറിൽ തുടങ്ങും. 2020 ൽ റിലീസ് ചെയ്യും. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുളളിൽ രണ്ടാം ഭാഗം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ