മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളെല്ലാം എന്നും തിയേറ്ററുകളില്‍ ഉത്സവമായിരുന്നു. മമ്മൂട്ടി ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ പ്രേമികള്‍ ഒന്നാകെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ സജീവ് എസ്.പിളള സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി എന്നതാണ് മാമാങ്കത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത.

ടൈറ്റില്‍ ടീസറിന്റെ പശ്ചാത്തലം പോലും പ്രൗഢ ഗംഭീരമാണ്. ശംഖൂതി കാഹളം മുഴക്കി അതിനു പുറകെയാണ് മാമാങ്കം എന്ന ടൈറ്റില്‍ എത്തുന്നത്. ഹിസ്റ്ററി ഓഫ് ബ്രേവ് എന്നതാണ് ടൈറ്റിലിന്റെ ടാഗ് ലൈന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും രണ്ടാം ഷെഡ്യൂള്‍ മെയ് 10ന് തുടങ്ങുമെന്നും മമ്മൂട്ടി വ്യക്തമാക്കി.

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ടാകും. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും. സത്രീ വേഷത്തിലടക്കം നാലു വ്യത്യസത ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ എത്തുക.

പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സജീവ് എസ്.പിള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മമ്മൂട്ടിക്കൊപ്പം നീരജ് മാധവും ചിത്രത്തിലുണ്ട്. നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളവും മംഗലാപുരവുമെല്ലാം ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ