ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കും എന്ന് സൂചന. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈഘട്ടത്തിലാണ് മമ്മൂട്ടി നായകനായേക്കുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ ഈ റോളിലേക്ക് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

അതേസമയം ചിത്രത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചോ സംസാരിക്കാന്‍ സംവിധായകന്‍ മാഹി വി രാഘവ് കൂട്ടാക്കിയില്ല. വൈഎസ്ആറിനെക്കുറിച്ചുള്ള ബയോപിക് ഒരുങ്ങുന്നുണ്ടെന്ന വാര്‍ത്ത സത്യമാണെങ്കിലും മറ്റ് വിവരങ്ങളൊന്നും പറയാന്‍ സമയമായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രോജക്ടിന്റെ ടൈംലൈന്‍ പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ തിരക്കഥ പോലും പൂര്‍ത്തിയായിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. തിരക്കഥ പൂര്‍ത്തിയാക്കിയതിനു ശേഷമേ താരങ്ങളെ നിശ്ചയിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയോ നാഗാര്‍ജ്ജുനയോ സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. കഥ മമ്മൂട്ടിക്ക് ഇഷ്ടമായെന്നും, എന്നാൽ ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നുമാണ് മമ്മൂട്ടിയുടെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. സിനിമയെടുക്കാൻ വൈഎസ്ആറിന്റെ മകനും ഇതേവരെ അനുമതി നൽകിയിട്ടില്ലെന്നും അറിയുന്നുണ്ട്.

1999-2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ