അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തലയുയര്‍ത്തി മലയാള സിനിമ. മലയാളത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം എന്ന് ഈ പുരസ്‌കാര പ്രഖ്യാപനത്തെ വിശേഷിപ്പിച്ചാലും തെറ്റു പറയാനാകില്ല.

ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതി പ്രത്യേക ജൂറി പരാമര്‍ശം നേടിയപ്പോള്‍ മികച്ച സഹനടനായി ഫഹദ് ഫാസില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമായിരുന്നു. മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളായിരുന്നുവെന്നും പ്രകടനങ്ങള്‍ ഞെട്ടിച്ചുവെന്നും ജൂറി അഭിപ്രായപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടിമുതലിന്റെ തിരക്കഥയിലൂടെ സജീവ് പാഴൂര്‍ സ്വന്തമാക്കി.

മികച്ച സംവിധായകനായി ജയരാജ് തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകം എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഭയാനകത്തിന്റെ ക്യാമറ കൈകാര്യം ചെയ്തതിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നിഖില്‍ പ്രവീണ്‍ നേടി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി.

സാമൂഹിക പ്രസക്തിയുള്ള ചിത്രമായി വി.സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെ ജൂറി പുകഴ്ത്തി. ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈനറായി സന്തോഷ് രാമന്‍ തിരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫ് എന്ന ചിത്രമാണ് സന്തോഷ് രാമനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയത് മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസാണ്. വിശ്വാസപൂർവം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്.

നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ അപ്പു പ്രഭാകറിന് മികച്ച ഛായാഗ്രാഹകാനുള്ള പുരസ്കാരം ലഭിച്ചു. സുധാ പത്മജാ ഫ്രാന്‍സിസ് സംവിധാനം ചെയ്ത ‘ഐ ടെസ്റ്റ്‌’ എന്ന ചിത്രത്തിലെ ക്യാമറയ്ക്കാണ് പുരസ്കാരം.മികച്ച അന്ത്രോപോലോജിക്കല്‍ ചിത്രം: നെയിം പ്ലേസ് അനിമല്‍ തിംഗ് (സംവിധായകന്‍ നിതിൻ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകനാണ്), മികച്ച ഡോക്യുമെന്ററി: സ്ലേവ് ജനസിസ് ( അനീസ് കെ.മാപ്പിള). ഇരുവരും മലയാളികളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ