ഇന്ത്യന്‍ സംഗീത ലോകത്ത് ചരിത്രം സൃഷ്ടിച്ച അനേകം കലാകാരന്മാരുണ്ട്. എന്നാല്‍ സംഗീതത്തിലൂടെ സ്വയം ചരിത്രമായി മാറിയ ഒരു മനുഷ്യനേയുള്ളൂ, സ്‌നേഹത്തോടെ നമ്മള്‍ മദ്രാസ് മൊസാര്‍ട്ട് എന്നു വിളിക്കുന്ന സാക്ഷാല്‍ എ.ആര്‍ റഹ്മാന്‍. ഇന്ത്യന്‍ സംഗീതത്തിന്റെ ‘കാവിയതലൈവന്’ ഇന്ന് 51ാം ജന്മദിനം.

1967-ല്‍ തമിഴ്നാട്ടിലാണ് അദ്ദേഹം ജനിച്ചത്. അന്തരിച്ച സംഗീതസംവിധായകന്‍ ആര്‍കെ ശേഖറിന്റെ മകനാണ്. റഹ്മാന് ഒമ്പതുവയസ്സുള്ളപ്പോഴാണ് ആര്‍കെ ശേഖര്‍ മരിക്കുന്നത്. അച്ഛന്റെ സംഗീതപാരമ്പര്യമാണ് റഹ്മാനെ സംഗീതത്തിന്റെ വഴികളിലേക്ക് നയിച്ചത്.

1990-ലാണ് റോജ എന്ന തമിഴ് ചിത്രത്തിന് സംഗീതം നല്‍കി എആര്‍ റ്ഹ്മാന്‍ ഗാനരംഗത്തേക്ക് കടന്നുവരുന്നത്. സംഗീതാസ്വാദകര്‍ക്ക് മാത്രമല്ല, ഗായകര്‍ക്കും പുതുമയേറിയ അനുഭവമായിരുന്നു റഹ്മാന്റെ സംഗീത യാത്ര. പ്രണയത്തിലും വിരഹത്തിലും ആകെ മുങ്ങി ‘ഉയിരേ.. ഉയിരേ..’ എന്ന് നമ്മളേറ്റുപാടി. റോജയിലെ ചിന്ന ചിന്ന ആശൈ എന്ന ഗാനമാണ് കൂടുതല്‍ സമയമെടുത്ത് റഹ്മാന്‍ ചിട്ടപ്പെടുത്തിയത് എന്നു കേട്ടിട്ടുണ്ട്. സിനിമയുടെ ഫ്രെയിമില്‍ മാത്രം ഒതുങ്ങുന്നതല്ല റഹ്മാന്റെ സംഗീതം.

ബോംബെ, ഇരുവര്‍,മിന്‍സാര കനവ്, ദില്‍സേ, താല്‍, ലഗാന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സംഗീതമികവ് ആസ്വദിക്കാന്‍ ശ്രോതാക്കള്‍ക്ക് കഴിഞ്ഞു. തമിഴിലും ഹിന്ദിയിലും, മലയാളത്തിലും റഹ്മാന്റെ ഗാനവിസ്മയം അരങ്ങേറിയിട്ടുണ്ട്. യോദ്ധയിലെ ഗാനങ്ങളിലൂടെയാണ് റഹ്മാന്‍ മലയാള സിനിമാഗാനത്തിനും സ്വീകാര്യനായത്. സംഗീതമേഖലയിലെ മികച്ച സംഭാവനകള്‍ക്ക് ഓസ്‌കാര്‍, ഗ്രാമി, ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ