കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് താനാ സേർന്ത കൂട്ടം. സൂര്യയാണ് ചിത്രത്തിലെ നായകൻ. വിഘ്നേശ് ശിവൻ ആണ് സിനിമയുടെ സംവിധായകൻ. ജനുവരി 12 നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒത്തുചേർന്നു.

സൂര്യയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് കീർത്തി സുരേഷ് പറഞ്ഞു. സൂര്യയ്ക്ക് ഒപ്പം അഭിനയിക്കാൻ അവസരം തന്ന സംവിധായകൻ വിഘ്നേശ് ശിവനും കീർത്തി നന്ദി പറഞ്ഞു. സംസാരത്തിലുടനീളം വിഘ്നേശിനെ ബ്രദർ എന്നു വിളിച്ചാണ് കീർത്തി സംസാരിച്ചത്. കീർത്തിയുടെ ബ്രദർ വിളി കേട്ട വിഘ്നേശ് മറുപടി പ്രസംഗത്തിൽ കീർത്തിയെ സിസ്റ്ററുമാക്കി.

”10 തവണയോളം കീർത്തി എന്നെ ബ്രദർ എന്നു വിളിച്ചു കഴിഞ്ഞു. കീർത്തി സുരേഷ് സിസ്റ്ററേ നന്ദി”-വിഘ്നേശ് പറഞ്ഞു. കീർത്തിയുടെ ബ്രദർ വിളിയും വിഘ്നേശിന്റെ സിസ്റ്റർ വിളിയും സദസ്സിനെയും ചിരിപ്പിച്ചു. സംവിധായകനോടൊപ്പം നയൻതാരയുടെ കാമുകൻ എന്ന നിലയിലും വിഘ്നേശ് ഏവർക്കും സുപരിചിതനാണ്.

തമിഴിൽ കീർത്തി സുരേഷിന് കൈനിറയെ ചിത്രങ്ങളാണ്. വിക്രമിന്റെ സാമി 2, വിശാലിന്റെ സണ്ടക്കോഴി 2, ദുൽഖറിന്റെ മായാനദി, വിജയ്‌യുടെ ദളപതി 62 തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായിക കീർത്തിയാണ്. വിജയ്‌ക്കൊപ്പം കീർത്തി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദളപതി 62. മുരുകദോസാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ