കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് വൈകിട്ട് തിരിതെളിയാനിരിക്കെ, മേളയ്ക്ക് ബദലായി സ്വതന്ത്ര സംവിധായകര്‍ ഒരുക്കിയ ‘കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവല്‍’ എന്ന കിഫിനു തുടക്കമായി.  ദേശീയ പുരസ്‌കാരം നേടിയ ഷിപ് ഓഫ് തിസ്യൂസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് ഗാന്ധി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

‘എന്നും പുതുവഴികള്‍ തേടുന്നതാണ് നമ്മുടെ പാരമ്പര്യം. വെളിച്ചമുള്ളിടത്തല്ല, ഇരുട്ടുള്ളിടങ്ങളില്‍ വെളിച്ചം കണ്ടെത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. എല്ലാവരും ഇരുട്ട് കാണുന്നിടത്തേക്ക് തങ്ങളുടെ ദൂരദര്‍ശിനി തിരിച്ചുവയ്ക്കുക. അപ്പോള്‍ വെളിച്ചത്തിന്‍റെ ഉദയം നാം കാണും.’ മേള ഉദ്ഘാടനം ചെയ്തു കൊണ്ട് ആനന്ദ് പറഞ്ഞതിങ്ങനെ.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട കാഴ്ച ഫിലിം സൊസൈറ്റിയാണ് ഈ മേള രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒ.കെ.ജോണിയാണ് കിഫിന്‍റെ ഡയറക്ടര്‍. സംവിധായകന്‍ ജിജു ആന്റണി പ്രധാന സംഘാടകനാണ്. ഉദ്ഘാടനചടങ്ങില്‍ അദ്ദേഹം കിഫിന്‍റെ മാനിഫെസ്റ്റോ അവതരിപ്പിച്ചു. സെക്സി ദുര്‍ഗയിലെ പ്രധാന നടന്‍ കണ്ണന്‍ നായര്‍ സ്വാഗത പ്രസംഗം നടത്തി.   വഴുതക്കാടുള്ള ലെനിന്‍ ബാലവാടിയില്‍ ഇന്നു തുടങ്ങുന്ന മേള 11ന് അവസാനിക്കും.

ജനാധിപത്യ സ്വഭാവം കൈമോശം വന്നതിന്‍റെ പശ്ചാത്തലത്തില്‍, നല്ല സിനിമകള്‍ക്ക്‌ അവ അര്‍ഹിക്കുന്ന വേദിയും അവസരവും നല്‍കിയേ തീരൂ എന്നൊരു ഓര്‍മ്മപ്പെടുത്തലാണ് കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവല്‍ (കിഫ്). സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട കാഴ്ച ഫിലിം സൊസൈറ്റിയാണ് ഈ മേള രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കിഫിനെക്കുറിച്ച് സനല്‍ പറയുന്നതിങ്ങനെ.

‘മിക്ക ചലച്ചിത്ര മേളകളും സർക്കാർ അല്ലെങ്കിൽ കോർപറേറ്റ് സഹായത്തോട് കൂടിയുള്ളതാണ്. നമ്മുടെ സർക്കാരിന്‍റെ കീഴിലുള്ള മേളയുടെ പോസ്റ്ററുകൾ കണ്ടാൽ തന്നെ അതിൽ മന്ത്രിമാരുടെ പടമാണ് വലുതായി കാണിച്ചിരിക്കുന്നത്. കേരളത്തിലെ ചലച്ചിത്ര മേള രാഷ്ട്രീയക്കാരേയും സർക്കാരിനേയും ഉദ്ധരിക്കാനാണ് ഉപയോഗിക്കുന്നത്. അല്ലാതെ സിനിമയെ പ്രോത്സാഹിപ്പിക്കാനല്ല. ഇനി കോർപറേറ്റുകൾ പ്രതിനിധാനം ചെയ്യുന്ന മേളകളിലാണെങ്കിൽ സിനിമ ഉപയോഗിച്ച് അവരുടെ ബ്രാൻഡ് എങ്ങനെ വളർത്താം എന്ന് മാത്രമാണ് നോക്കുന്നത്. ഇതിനു രണ്ടിനുമിടയ്ക്ക് നിൽക്കുന്ന മേളകൾ വളരെ അപൂർവമാണ്. എന്നാൽ അത്തരം ഇടങ്ങൾ നമുക്ക് വളരെ അധികം വേണം. കാരണം സ്വാതന്ത്ര്യം എന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാതിരിക്കാനും കൂടിയുള്ള സ്വാതന്ത്ര്യമാണ്.’

പതിമൂന്ന് ചിത്രങ്ങളാണ് കിഫില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഷാനവാസ് നാരണിപ്പുഴ സംവിധാനം ചെയ്ത ‘കരി’യാണ് കിഫിലെ ഉദ്ഘാടന ചിത്രം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘ലയേര്‍സ് ഡൈസ്’ ക്ലോസിങ് ചിത്രവും. ഇവ കൂടാതെ മലയാള ചിത്രങ്ങളായ വിത്ത് (സംവിധാനം. ഡോണ്‍ പാലത്തറ), തൂപ്പ് (സംവിധാനം. സന്ദീപ് അധികാരി) എന്നിവയും നോര്‍ത്ത് ഈസ്റ്റ് ചിത്രങ്ങളായ കോതനൊടി (സംവിധാനം.. ഭാസ്‌ക്കര്‍ ഹസാരിക), ഹാണ്ടുക് (സംവിധാനം. ജയ്‌ചെന്ഗ് ജയ് ദോഹുതിയ) എന്നീ ചിത്രങ്ങളും ഉണ്ടാകും. കര്‍മ ഥാപ സംവിധാനം ചെയ്ത ‘രലാംഗ് റോഡ്’എന്ന നേപ്പാളി ചിത്രവും ബോബി ശര്‍മയുടെ ‘ദി ഗോള്‍ഡന്‍ വിങ്’ എന്ന രാജ്‌ഭോന്ഷി ഭാഷയിലുള്ള ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ