കൊച്ചിയിൽ മലയാളിയായ യുവനടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി കാതൽ സന്ധ്യ. കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി തന്റെ അനുഭവം തുറന്നുപറഞ്ഞ് ധൈര്യസമേതം മുന്നോട്ട് വന്നതിനു പിന്നാലെയാണ് കാതൽ സന്ധ്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

കേരളത്തിൽ ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും സന്ധ്യ പറഞ്ഞു. അവൾ ധൈര്യശാലിയാണ്. അപകടത്തിൽ നിന്ന് ധൈര്യത്തോടെ കരകയറി. അവളെക്കുറിച്ച് ചിന്തിക്കുമ്പോൾ അഭിമാനമുണ്ടെന്നും സന്ധ്യ ചെന്നൈയിൽ ഒരു പരിപാടിക്കിടെ പറഞ്ഞു.

ഇതേക്കുറിച്ച് പറഞ്ഞതിനു ശേഷമാണ് സന്ധ്യ തന്റെ അനുഭവം വിവരിച്ചത്. താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. പക്ഷേ ആൾക്കൂട്ടത്തിനിടയിൽ തനിക്ക് പ്രതികരിക്കാനോ ആരോടെങ്കിലും പരാതിപ്പെടാനോ കഴിഞ്ഞില്ലെന്നും നടി പറഞ്ഞു.

2004 ൽ ഭരത് നായകനായ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സന്ധ്യ സിനിമാരംഗത്തേക്ക് കടന്നുവന്നത്. ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡും ഫിലിംഫെയർ അവാർഡും ലഭിച്ചു. ആലീസ് ഇൻ വണ്ടർലാന്റ് എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ മലയാളത്തിലെത്തിയത്. സൈക്കിൾ, ട്രാഫിക്, ത്രീ കിങ്സ്, മാസ്റ്റേഴ്സ്, വേട്ട തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു.

ചെന്നൈയിൽ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ് സന്ധ്യയുടെ ഭർത്താവ്. 2015 ഡിസംബർ ആറിനായിരുന്നു ഇരുവരുടെയും വിവാഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ