മുംബൈ: സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പത്മാവതിയെ ചൊല്ലി വിവാദങ്ങൾ തീരുന്നില്ല. പത്മാവതി സിനിമയുടെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാനിലെ കർണി സേന പത്മാവതിയായി അഭിനയിച്ച ദീപിക പദുക്കോണിനെതിരെയും ആക്രമണ ഭീഷണി ഉയർത്തി. ഇതോടെ ദീപിക പദുക്കോണിന്റെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് പൊലീസ്.

ദീപിക പദുക്കോണിന്റെ മുംബൈയിലെ വീട്ടിലും ഇവരുടെ ഓഫീസിലും സ്ഥാപനങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ആവശ്യമെങ്കിൽ കൂടുതൽ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു.

പത്മാവതിയായി അഭിനയിച്ച ദീപിക പദുക്കോൺ ഇന്ത്യൻ സംസ്കാരം കളങ്കപ്പെടുത്തിയെന്നാണ് കർണി സേന ആരോപിച്ചത്. ദീപികയുടെ മൂക്ക് ചെത്തുമെന്ന് പറഞ്ഞ കർണിസേന, ലക്ഷ്മണൻ ശൂർപ്പണഖയോട് ചെയ്ത ശിക്ഷയാകും നൽകുകയെന്നും പറഞ്ഞിരുന്നു.

രാജ്പുത് സമുദായത്തെ അപമാനിക്കുന്നതാണ് ചിത്രമെന്ന ആരോപണവുമായാണ് കർണി സേന സിനിമയ്ക്ക് എതിരെ രംഗത്തെത്തിയത്. ഡിസംബർ ഒന്നിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഇവരെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ