കൊച്ചി: സിനിമാ നിരൂപകനും ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് അംഗവുമായ ജി പി രാമചന്ദ്രനെതിരെ സംവിധായകനും അക്കാദമി ചെയര്‍മാനുമായ കമല്‍ രംഗത്ത്. റിലീസിംഗിനൊരുങ്ങുന്ന ദിലീപ് ചിത്രം രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ തകര്‍ക്കുമെന്ന് രാമചന്ദ്രന്‍ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. രാമലീല അശ്ലീല സിനിമയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ഉയരുകയും രാമചന്ദ്രനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്ന സാഹചര്യത്തിലാണ് കമല്‍ രംഗത്ത് വന്നത്.

നൂറ് ശതമാനവും അപലപനീയമായ ജി.പി.രാമചന്ദ്രന്റെ ആ വിധ്വംസക ” പോസ്റ്റിൽ ” എല്ലാ ചലച്ചിത്ര പ്രവർത്തകരെയും പോലെ തന്റെ പ്രതിഷേധവും ,അമർഷവും രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
“അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ ആ ജനറൽ കൗൺസിലിൽ അയാളും അംഗമാണ് എന്നത് തീർത്തും അപമാനകരമാണെന്ന്തന്നെ ഞാൻ കരുതുന്നു. ഈ കാര്യങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഞാൻ പെടുത്തിയിട്ടുമുണ്ട്. ജനറൽ കൗൺസിൽ അംഗമായി അയാളെ നിശ്ചയിച്ചത് ഞാനല്ല, സർക്കാരാണ്. പുറത്താക്കാനുള്ള അധികാരം എനിക്കില്ല, സർക്കാരിനാണ് – സർക്കാർ അത് ചെയ്യുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം. ഫെഫ്ക്കയും, ഫിലിം ചേംബറും ബഹു: മന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു.അതിൽ നടപടി ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസം”, കമല്‍ വ്യക്തമാക്കി.

സിനിമയ്ക്ക് എതിരായ പരാമര്‍ശത്തില്‍ നിര്‍മ്മാതാവ് ടോമിചചന്‍ മുളകുപാടം രാമചന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റേഞ്ച്‌ ഐ ജി പി വിജയനാണ് പരാതി നല്‍കിയത്. പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ