മഹാഭാരതത്തിൽ ഭീമനായെത്തുന്ന മോഹൻലാലിനെ പരിഹസിച്ച കമാൽ ആർ.ഖാൻ വീണ്ടും രംഗത്ത്. മഹാഭാരതത്തിൽ കൃഷ്‌ണന്റെ വേഷം ചെയ്യണമെന്ന ആഗ്രഹമാണ് കമാൽ ആർ ഖാൻ പ്രകടിപ്പിച്ചത്. കൃഷ്‌ണൻ ഉത്തർപ്രദേശിലെ മധുരയിൽ നിന്നുളളതാണെന്നും താനും യുപിക്കാരനാണെന്നും കെആർകെ തന്റെ ട്വിറ്ററിൽ കുറിക്കുന്നു.

തീരുന്നില്ല, കെആർകെയുടെ ട്വീറ്റുകൾ.ബാഹുബലിയിലൂടെ ശ്രദ്ധേയനായ പ്രഭാസിന് മാത്രമേ ഭീമനാകാൻ സാധിക്കൂവെന്നും കെആർകെ പറയുന്നു. ഒപ്പം മഹാഭാരതത്തിന് വേണ്ടി താരങ്ങളെ നിർദേശിക്കുന്നുമുണ്ട് കെആർകെ.

പ്രഭാസ്-ഭീമൻ, റാണാ ദഗ്ഗുബട്ടി-ദുര്യോധനൻ, ആമിർ ഖാൻ- അർജുനൻ, ഷാരൂഖ് ഖാൻ-കർണൻ, രൺബീർ കപൂർ-അഭിമന്യു- സൽമാൻ ഖാൻ-ഏകലവ്യൻ, ദീപിക പദുക്കോൺ- ദ്രൗപദി- ഇങ്ങനെയാണ് മഹാഭാരതത്തിലെ താരങ്ങളെ കെആർകെ നിർദേശിക്കുന്നത്.

എം.ടി.വാസുദേവൻ നായരുടെ രണ്ടാംമൂഴമെന്ന നോവലിനെ ആസ്‌പദമാക്കിയാണ് മഹാഭാരതമെന്ന ചിത്രം ഒരുങ്ങുന്നത്. വി.എ.ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭീമനെന്ന കഥാപാത്രമായാണ് മോഹൻലാലെത്തുന്നത്. 1000 കോടി മുതൽ മുടക്കി ബി.ആർ. ഷെട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ വാർത്ത ഇന്ത്യയിലെ സിനിമ രംഗത്ത് വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ബോളിവുഡിൽ ഈ വാർത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഈ വാർത്ത പരന്നതോടെ ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ അടയാളപ്പെടുത്തലാകുമെന്ന നിലയിൽ ഈ സിനിമയെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ ഛോട്ടാ ഭീമെന്ന നിലയിൽ പരിഹസിച്ചുള്ള ട്വിറ്റർ പോസ്റ്റുമായി കെആർകെ രംഗത്തെത്തിയത്. “മോഹൻലാൽ സാറിനെ കണ്ടാൽ ഛോട്ടാഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെയാണ് മഹാഭാരതത്തിലെ ഭീമന്റെ വേഷം ചെയ്യുക”യെന്നുമാണ് കെആർകെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തത്.ബി.ആർ.ഷെട്ടി ഇത്രയധികം പണം പാഴാക്കിക്കളയുകയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

എന്നാൽ വാർത്ത പുറത്ത് വന്നതോടെ കമാൽ ആർ.ഖാൻ സിനിമ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒന്നടങ്കം ആക്രമിച്ചു. ഇംഗ്ളീഷിലും ഹിന്ദിയിലും മാത്രമല്ല, മലയാളത്തിൽ പോലും സിനിമാ പ്രേമികൾ കെആർകെയ്ക്ക് പൊങ്കാലയിട്ടു. ഇതിന് പിന്നാലെ ഫാന്‍സിനെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ