സ്റ്റൈൽ മന്നൻ രജനീകാന്തിന് പിറന്നാൾ മധുരം. താരത്തിന്റെ പിറന്നാൾദിനത്തിൽ പുതിയ ചിത്രമായ കാലായുടെ സെക്കന്റ് ലുക്ക് പുറത്തുവിട്ടാണ് ധനുഷ് തന്റെ ഭാര്യാപിതാവ് കൂടിയായ രജനിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. കറുത്ത കൂളിങ് ഗ്ലാസ് വച്ച് സാൾട്ട് ആന്റ് പെപ്പർ ലുക്കിലുളള രജനിയാണ് പുറത്തുവന്ന പോസ്റ്ററിലുളളത്.

കബാലിയ്‌ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ. വണ്ടർ ബാർ ഫിലിംസിന്റ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്. ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ നായിക. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ. ടി.രാമലിംഗമാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്‌ടർ.ധനുഷും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തിൽ രജനീകാന്ത് എത്തുന്നതെന്നാണ് സൂചന. നേരത്തെ മുംബൈയിലെ അധോലോക നായകനായിരുന്ന ഹാജി മസ്‌താന്റെ ജീവിത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. തുടർന്ന് ഹാജി മസ്‌താന്റെ ദത്തു പുത്രൻ രജനീകാന്തിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഈ സിനിമ ഹാജി മസ്‌താന്റെ ജീവിതത്തെ ആസ്‌പദമാക്കിയല്ലെന്ന് വിശദീകരണവുമായി അണിയറ പ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ